ഗേള്‍ഫ്രണ്ടുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമാക്കി; ബംഗ്ലാദേശ് ക്രിക്കറ്റര്‍ അറാഫത്ത് സണ്ണി അറസ്റ്റില്‍

ബംഗ്ലാദേശിലെ സൈബര്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി സോഷ്യല്‍ മീഡിയയില്‍ കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ക്രിക്കറ്റര്‍ അറാഫത്ത് സണ്ണിയെ അറസ്റ്റ് ചെയ്തു. കാമുകിയുടെ പരാതിയിന്‍മേലാണ് നടപടി. രണ്ടുപേരുമായുള്ള ചൂടന്‍ ചിത്രങ്ങള്‍ അറാഫത്ത് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കാമുകി നല്‍കിയ പരാതിയനുസരിച്ച് പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നുവെന്ന് ലോക്കല്‍ പോലീസ് ചീഫ് ജമാലുദീന്‍ പറഞ്ഞു. അറാഫത്ത് സണ്ണി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും തങ്ങളുടെ ചിത്രങ്ങള്‍ അതിലൂടെ പബ്ലിക്കായി പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. താരത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി അഞ്ചുദിവസത്തെ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അറാഫത്ത് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ താരം 14 വര്‍ഷം ജയില്‍ തടവ് ശിക്ഷ അനുഭവിക്കുകയും 10 മില്യണ്‍ ബംഗ്ലാദേശ് ടാക്ക പിഴയൊടുക്കുകയും ചെയ്യണം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദീന്‍ ചൗധരി പ്രതികരിച്ചു.
സ്പിന്‍ ബൗളറായ അറാഫത്ത് സണ്ണി ബംഗ്ലാദേശിനായി 16 ഏകദിനങ്ങളില്‍ നിന്ന് 24 വിക്കറ്റുകളും 10 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അനധികൃതമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഈ താരത്തെ 2016 ട്വന്റി-ട്വന്റി ലോകകപ്പില്‍ നിന്നും വിലക്കിയിരുന്നു.
ഈ അടുത്ത കാലങ്ങളിലായി മൂന്നാമത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഒരു ബലാത്സംഗ കേസില്‍ റൂബല്‍ ഹുസൈന്‍ എന്ന താരത്തെയും 11 വയസ്സായ കുട്ടിയെ മര്‍ദിച്ചതിന് ഷഹദത്ത് ഹുസ്സൈനെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























