പെണ്ണിന്റെ സൗന്ദര്യം പുറംമോടിയിലല്ല ആറ്റിറ്റിയൂഡിലാണ്; മൊട്ടയടിച്ച് സൂപ്പര്‍മോഡല്‍

നമുക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സൂപ്പര്‍മോഡലോ നടിയോ ഒരു സുപ്രഭാതത്തില്‍ മൊട്ടയടിച്ച് സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത്തരത്തിലൊരു സാഹസത്തിനു മുതിര്‍ന്നിരിക്കുകയാണ് ഇംഗ്ലീഷ് മോഡല്‍ കാര ടെലിവീങ്. സമൂഹത്തിന്റെ വികലമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കു മേല്‍ തന്റെ ആറ്റിറ്റിയൂഡ് കൊണ്ട് ആഞ്ഞടിച്ചാണ് താരം തന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയത്. ഒരു പെണ്ണാണെന്നു തോന്നാന്‍ അല്ലെങ്കില്‍ സൗന്ദര്യമുണ്ടെന്നു തോന്നാന്‍ മുടിവേണമെന്നു താന്‍ കരുതുന്നില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് താരം മുടിവടിച്ചെത്തിയത്.
ഇരുകൈയും നീട്ടിയാണ് ഫാഷന്‍ലോകം കാരയുടെ മേക്കോവറിനെ സ്വീകരിച്ചിരിക്കുന്നത്. പക്വതയുള്ള തീരുമാനമെന്നാണ് പ്രമുഖ ഫാഷനിസ്റ്റുകള്‍ കാരയെ അഭിനന്ദിച്ചത്. ഫാഷന്‍ഷോയില്‍ തങ്ങള്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത് ഫാഷന്‍ വസ്ത്രങ്ങളെ മാത്രമല്ലെന്നും മറിച്ച് അവരുടെ ആറ്റിറ്റിയൂഡിനെയാണെന്നും ഡിസൈനര്‍ രാഹുല്‍മിശ്ര പറയുന്നു. കാരയെപ്പോലെയുള്ള മോഡലുകളെ ഉള്‍പ്പെടുത്തി ഫാഷന്‍ഷോ ചെയ്യാന്‍ താന്‍ തയാറാണെന്നും ഫാഷന്‍ഷോകളില്‍ പങ്കെടുക്കുന്ന മോഡലുകളുടെ ആറ്റിറ്റിയൂഡിനു തന്നെയാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറയുന്നു.
കാര ഒരു സൂപ്പര്‍ മോഡലായതുകൊണ്ട് ജനങ്ങള്‍ ഇരുകൈയും നീട്ടി അവളുടെ പ്രവൃത്തിയെ സ്വാഗതം ചെയ്തു. മോഡല്‍ നൊയോണിക്ക ചാറ്റര്‍ജിയും കാരയെ അഭിനന്ദിച്ചുകൊണ്ടു രംഗത്തു വന്നിട്ടുണ്ട്. സമൂഹത്തിനു മാതൃകയാക്കാവുന്ന ഒരു പ്രവൃത്തിയാണ് കാര ചെയ്തതെന്നും താന്‍ അതിനെ അഭിനന്ദിക്കുന്നുവെന്നും നൊയോണിക്ക പറയുന്നു. പക്ഷെ ഒരു സാധാരണ പെണ്‍കുട്ടിയാണ് ഇതു ചെയ്തിരുന്നതെങ്കില്‍ ഇന്ത്യന്‍ സമൂഹം അവളോട് എങ്ങനെ പ്രതികരിച്ചേനെ എന്ന ആശങ്കയും നൊയോണിക്ക പങ്ക്‌വച്ചു.
https://www.facebook.com/Malayalivartha























