വിമാനത്തില്‍ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ ഇന്ത്യന്‍ പൗരനായ യുവ ഡോക്ടര്‍ അറസ്റ്റില്‍

വിമാനത്തില്‍ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ ഇന്ത്യന്‍ പൗരനായ യുവ ഡോക്ടര്‍ അറസ്റ്റില്‍. സിയാറ്റിലില്‍നിന്നു ന്യുവാര്‍ക്ക് ലിബേര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവത്തിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത വിജയകുമാര്‍ കൃഷ്ണപ്പ (28)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനത്തില്‍ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൃഷ്ണപ്പ ബോധപൂര്‍വം സ്പര്‍ശിക്കുകയായിരുന്നു. ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി എയര്‍ഹോസ്റ്റസിനോട് പരാതിപ്പെട്ടു. മാതാപിതാക്കളോടും കാര്യം പറഞ്ഞു. ഇതേതുടര്‍ന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റി അധികൃതര്‍ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം കണ്ടു. എന്നാല്‍ വിമാനം നിലത്തിറങ്ങിയശേഷം ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയറായില്ല.
ഇതേതുടര്‍ന്നാണ് മാതാപിതാക്കള്‍ എഫ്ബിഐക്ക് പരാതി നല്‍കിയത്. പിന്നീട് എഫ്ബിഐ വിമാനത്തില്‍ യാത്ര ചെയ്തവരുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ പെണ്‍കുട്ടി കൃഷ്ണപ്പയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാന അധികൃതര്‍ ഡോക്ടറെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. മെഡിക്കല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ യുഎസില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























