സത്യസന്ധനായ ജയിൽപ്പുള്ളി ! ; ജയിൽ ചാടിയ വഴി തിരികെ വന്നു; പെട്ടതോ പോലീസുകാരുടെ മുന്നിൽ !

ജയിൽ ചാടുന്നത് സാധാരണ നടക്കാൻ സാധ്യതയുള്ള സംഭവമാണ്. എന്നാൽ ജയിൽ ചാടിയിട്ട് തിരിച്ചു കയറിയാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് അമേരിക്കയിലുള്ള ടെക്സസിലെ ബോമോണ്ട് ജയിലിൽ അരങ്ങേറിയത്.
കഞ്ചാവുകടത്തു കേസിൽ ബോമോണ്ട് ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോഷ്വ ഹാൻസൻ എന്ന ഇരുപത്തഞ്ചുകാരനാണു ഈ സാഹസത്തിനു മുതിർന്നത്. ജയിലിലെ ഭക്ഷണം കഴിച്ചു മടുത്തപ്പോൾ ഇയാൾ ആരും കാണാതെ ജയിൽ ചാടി. ജോഷ്വ ജയിൽചാടിയ വിവരം ജയിൽ അധികൃതരോ മറ്റു തടവുകാരോ അറിഞ്ഞിരുന്നില്ല. ജയിൽ ചാടിയ ജോഷ്വ നേരേ പോയത് അടുത്തുള്ള ഒരു കർഷകന്റെ ഫാമിലേക്കാണ്.
വീടു കുത്തിത്തുറന്ന് അടുക്കളയിൽ കയറി അവിടെ തയാറാക്കിവച്ചിരുന്ന ഭക്ഷണമെല്ലാം ഒരു ബാഗിൽ നിറച്ചു. പിന്നെ ഫ്രിഡ്ജിലുണ്ടായിരുന്ന മദ്യക്കുപ്പികളും ബാഗിലേക്കു മാറ്റി. ഇതെല്ലാം ചുമന്ന് ജോഷ്വ തിരിച്ച് ജയിലിലെത്തി. ഇറങ്ങിയ വഴിയേതന്നെ തിരിച്ചു കയറാൻ ശ്രമിച്ചു. പക്ഷേ, പോലീസ് പൊക്കി.
ബാഗ് പരിശോധിച്ച പോലീസുകാർ അമ്പരന്നു. ഒരാൾക്ക് ഒരാഴ്ചത്തേക്കു കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു അതിൽ. കൂട്ടത്തിൽ കുറച്ച് കഞ്ചാവും. കഞ്ചാവുകടത്തിന് ജയിൽശിക്ഷ അനുഭവിക്കുന്ന ജോഷ്വയുടെ പേരിൽ ജയിൽ ചാടിയതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും മോഷണത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇനി അതിനുള്ള ശിക്ഷകൂടി അനുഭവിച്ചാലേ ജോഷ്വയ്ക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാൻ പറ്റൂ.
https://www.facebook.com/Malayalivartha






















