കേരളത്തിന് ഇപ്പോൾ വേണ്ടത് ഭക്ഷണവും, വസ്ത്രങ്ങളും അല്ല!! ഇനി വേണ്ടത് ഇലക്ട്രീഷ്യന്മാരേയും പ്ളംബർമാരേയും- അൽഫോൺസ് കണ്ണന്താനം

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഇപ്പോൾ വേണ്ടത് ഭക്ഷണവും വസ്ത്രങ്ങളും അല്ലെന്നും ഇലക്ട്രീഷ്യന്മാരേയും പ്ളംബർമാരേയുമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള സാങ്കേതിക സഹായമാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വീടുകളിലെ വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ തകർന്ന് കിടക്കുകയാണ്. അവയെല്ലാം പുന:സ്ഥാപിച്ച് വീട് താമസയോഗ്യമാക്കേണ്ടതുണ്ട്. അതിന് വേണ്ടത് സാങ്കേതിക വിദഗ്ദ്ധരുടെ സഹായമാണ്- കണ്ണന്താനം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കുകയും ചെയ്തതാണ്. കേരളത്തെ പുനർനിർമിക്കാൻ ആവശ്യമായ എന്ത് സഹായവും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അടിയന്തര സഹായമായി 500 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നൂറ് കോടിയും സഹമന്ത്രി കിരൺ റിജിജുവും 80 കോടിയും അനുവദിച്ചിരുന്നു. അതിനാൽ തന്നെ പണം ഒരു പ്രശ്നമല്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
ഏഴര ലക്ഷം പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്. ഇവർക്ക് വേണ്ട ഭക്ഷ്യസാധനങ്ങളെല്ലാം ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. അതിനാൽ ഇനി പണമോ വസ്ത്രങ്ങളോ നമുക്ക് ആവശ്യമില്ല - മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലകളിൽ സൈന്യം നല്ല സേവനമാണ് കാഴ്ചവയ്ക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിലെ യഥാർത്ഥ ഹീറോകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























