ക്യാമ്പുകളിൽനിന്നും തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം ഉണ്ടാകാനിടയുണ്ട്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കേരളത്തിനെ വിഴുങ്ങിയ പ്രളയദുരിതം ഒന്നൊന്നായി ഒഴിയുകയാണ്. എന്നാൽ പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. അതേസമയം വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇത്തരത്തിലൊരു അപകടം മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് പ്രത്യേക മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ ആര്‍എല്‍ സരിത അറിയിച്ചു.
പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കടിയേല്‍ക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈക്കോ കാലിനോ ആണു കടിയേറ്റതെങ്കില്‍ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം.
പാമ്പു കടിയേറ്റെന്നു മനസിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം പാഴാക്കാതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ഏതു പാമ്പിന്റെ കടിയേറ്റാലുമുള്ള ആന്റിവെനം ഒന്നുതന്നെയാണ്.
ആന്റിവെനം ചികിത്സ താലൂക്ക് ആശുപത്രികള്‍ മുതല്‍ ലഭ്യമാണെന്നും കടിയേറ്റാല്‍ ഉടന്‍ ഏറ്റവും അടുത്ത ജനറല്‍ ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























