മഹാപ്രളയത്തില്‍ ജീവൻ പണയംവച്ചെത്തിയ മത്സ്യത്തൊഴിലാളികളെ സംസ്ഥാന സർക്കാർ ആദരിക്കുന്നു

തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയത്തില്‍ ജീവന്‍ പോലും പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. ആഗസ്റ്റ് 29ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് ഇവരെ ആദരിക്കുക.
രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് മന്ത്രിസഭ മുൻപ് തീരുമാനിച്ചിരുന്നു. കേടുപാടു പറ്റുകയും നഷ്ടപ്പെട്ട് പോകുകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തന്നെ തിരിച്ചെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാനപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും ഇനി നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞു ഒരിക്കലും കയ്യൊഴിയില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുമ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പുകളുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























