ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്ത്; ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണം തിരുവസ്ത്രം ഉപേക്ഷിച്ച രണ്ടു കന്യാസ്ത്രീമാര്‍ പരാതിയുമായി രംഗത്ത്; ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിന് ഹൈക്കോടതിയെ സമീപിക്കാന്‍ ബന്ധുക്കള്‍

ബിഷപ്പ് ഫ്രാങ്കോ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണം തിരുവസ്ത്രം ഉപേക്ഷിച്ച രണ്ടു കന്യാസ്ത്രീമാര്‍ പരാതിയുമായി രംഗത്ത്. ഗുരുതര ആരോപണമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. ബിഷപ്പ് പിന്നാലെ നടന്ന് ഉപദ്രവിച്ചെന്നാണ് പരാതി. ഇതോടെ പരാതി ഉന്നയിച്ച കന്യസ്ത്രീയുടെ ആരോപണങ്ങള്‍ സത്യമെന്നാണ് തെളിയുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ കുരുക്കിലേക്ക് നയിച്ചു ലൈംഗികാതിക്രമാരോപണത്തില്‍ കൂടുതല്‍ പേര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ജലന്ധര്‍ മഠത്തില്‍ വെച്ച് ബിഷപ്പ് കയറിപ്പിടിച്ചെന്നും ബലമായി ആലിംഗനം ചെയ്‌തെന്നും കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചു പോയ രണ്ടുപേര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് വിവരം. ബിഷപ്പിന്റെ മോശം പ്രവര്‍ത്തികളാണ് മഠം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് രണ്ടു കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴി.
ഗത്യന്തരമില്ലാതെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തോട് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട ഭഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴിയും അന്വേഷണ സംഘം എടുക്കും. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയിരിക്കുന്നത് ഭഗല്‍പ്പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തിലായിരുന്നു. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിക്കുന്ന വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ബാംഗഌരില്‍ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ വെച്ചാണ് കന്യാസ്ത്രീയുടെ പരാതി ഭഗല്‍പൂര്‍ ബിഷപ്പ് വത്തിക്കാന്‍ സ്ഥാനപതിക്ക് നല്‍കിയത്.
ബിഷപ്പിനെതിരായ കേസില്‍ ഇരയായ കന്യാസ്ത്രീയെ അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യന്നതിനെതിരേ കോടതിയില്‍ പോകാനൊരുങ്ങുകയാണ് വീട്ടുകാര്‍. പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോയില്‍ നിന്ന് ഒരിക്കല്‍ മാത്രം 'ഔദാര്യത്തോടെ' മൊഴിയെടുത്ത അന്വേഷണസംഘം ഇതിനകം പല തവണ കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുത്തുകഴിഞ്ഞു. മിക്കദിവസങ്ങളിലും കുറവിലങ്ങാട് മഠത്തില്‍ എത്തുന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി എത്ര തവണ വ്യക്തവും കൃത്യവുമായി ആവര്‍ത്തിച്ചിട്ടും പലതും വീണ്ടും വീണ്ടും ഉന്നയിച്ച് കന്യാസ്ത്രീയെ വട്ടംചുറ്റിക്കുകയാണെന്നാണ് വിവരം. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണോ പോലീസിനെന്നും സംശയം ഉയരുന്നുണ്ട്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ ചുമതലയേറ്റതിന് ശേഷം 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നീതിപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. ബിഷപ്പിന്റെ അന്യായമായ ഇടപെടല്‍ കാരണം അഞ്ചുമഠങ്ങള്‍ പൂട്ടിപ്പോയെന്നും കന്യാസ്ത്രീ ആരോപിച്ചു.
കന്യാസ്ത്രീകള്‍ സന്യാസജീവിതം അവസാനിപ്പിക്കുന്നതിന് പിന്നില്‍ ഫ്രാങ്കോ ബിഷപ്പിന്റെ ഇടപെടലും പ്രതികാര നടപടികളുമാണെന്നും ഇവര്‍ പറഞ്ഞു. പുതുതായി കന്യാസ്ത്രീയാകാന്‍ എത്തുന്നവരെ പരിശീലിപ്പിക്കുന്ന ചുമതലയുള്ള (ഫോര്‍മേറ്റര്‍) കന്യാസ്ത്രീ സമീപകാലത്ത് സഭ വിട്ടതിന് പിന്നിലും ബിഷപ്പിന്റെ ഇടപെടലാണ്.റോമില്‍നിന്നും ഉപരി പഠനം കഴിഞ്ഞെത്തിയ ഈ കന്യാസ്ത്രീയുടെ ജോലികളില്‍ ഫ്രാങ്കോ ബിഷപ്പ് അനാവശ്യമായി ഇടപെടാന്‍ തുടങ്ങി.
സഭയ്ക്ക് നാണക്കേടുണ്ടാകുന്ന രീതികളിലേക്ക് ബിഷപ്പ് നീങ്ങിയതോടെ ഇവര്‍ മദര്‍ ജനറലിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് പ്രതികാര നടപടിയെന്നോണം ഫോര്‍മേറ്റര്‍ സ്ഥാനത്തുനിന്നും ഇവരെ നീക്കുകയായിരുന്നു.തുടര്‍ന്നുമുണ്ടായ നടപടികളോട് ഒരുമാസത്തോളം ഇവര്‍ പിടിച്ചുനിന്നു. പിന്നീട് സഭാവസ്ത്രമുപേക്ഷിച്ച് മടങ്ങുകയായിരുന്നെന്നും പരാതിക്കാരിയായ കന്യാസ്ത്രീ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സ്വദേശിനിയായ മറ്റൊരു കന്യാസ്ത്രീ സഭ വിടേണ്ടിവന്നതിന് പിന്നിലും ജലന്ധര്‍ ബിഷപ്പിന്റെ ഇടപെടലുണ്ടായിരുന്നെന്നാണ് ഇവര്‍ ആരോപിക്കുന്നു.ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന മാതാപിതാക്കള്‍ക്കും മാനസിക അസ്വസ്ഥതയുള്ള സഹോദരനും ഏക ആശ്രയമായിരുന്ന ഇവര്‍ സഹോദരന്റെ ചികിത്സാ ആവശ്യം പരിഗണിച്ച് കുറുവിലങ്ങാട് മഠത്തിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ജലന്ധര്‍ ബിഷപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെന്ന കാരണത്തില്‍ ഇവരെ പഞ്ചാബിലേക്ക് സ്ഥലംമാറ്റാന്‍ ഉത്തരവിട്ടു.സ്ഥലം മാറുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ച് അവര്‍ കേരളത്തിലെതന്നെ ഏതെങ്കിലും മഠത്തിലേക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാരെ നോക്കേണ്ടവര്‍ വീട്ടില്‍ പോകട്ടെ എന്നായിരുന്നു ബിഷപ്പിന്റെ നിലപാട്. ഇതോടെ ഇവര്‍ സഭ വിടാന്‍ തീരുമാനിക്കുകയായിരുന്നുന്നുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീ ആരോപിച്ചു.
https://www.facebook.com/Malayalivartha


























