പി.കെ ശശി എം.എല്‍.എ യുവവനിത നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സി.പി.എം ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പും പൊതുസമൂഹത്തിന്റെ എതിര്‍പ്പും മനസിലാക്കിയാണ് തീരുമാനം

പി.കെ ശശി എം.എല്‍.എ യുവവനിത നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സി.പി.എം ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. പൊതുസമൂഹത്തിന്റെ നിലപാട്മാനിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുമാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നത്. അതുകൊണ്ടാണ് പി.ബി അംഗം ബൃന്ദകാരാട്ട് അടക്കം ആദ്യം മൗനം പാലിക്കുന്നതും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാത്തതും. അതേസമയം പരാതിക്ക് പിന്നില്‍ പാലക്കാട്ടെ വിഭാഗീയതയുണ്ടോ എന്നും പരിശോധിക്കും. അങ്ങനെയെങ്കില്‍ ശശിക്കെതിരെ മാത്രമല്ല, പരാതിക്ക് പിന്നില്‍ കളിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാവും. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ ഒളിക്യാമറ വിവാദത്തില്‍ പെട്ടപ്പോള്‍ അദ്ദേഹത്തിനും ക്യാമറ സ്ഥാപിച്ചവര്‍ക്കും എതിരെ നടപടി എടുത്തിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഏറെ നിര്‍ണായകമാണ്.
നടപടി മുന്നില്‍ കണ്ട് ജില്ലയിലെ നേതാക്കളുടെ പിന്തുണ തേടാന്‍ പി.കെ ശശി ജില്ലയിലെ ഏര്യാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. എന്നാല്‍ പല ഏര്യാ സെക്രട്ടറിമാരും അംഗങ്ങളും കര്‍ഷകറാലിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലാണ്. പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്താല്‍ സ്വീകരിക്കുമെന്നും ശശി ഇന്ന് രാവിലെ വ്യക്തമാക്കി. എന്ത് നടപടിയെടുക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടെന്നും എം.എല്‍.എ അറിയിച്ചു. തനിക്കെതിരെ പരാതിയില്ലെന്നും ഇന്നലെയും ആവര്‍ത്തിച്ചു. പരാതി പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നാണ് അറിയുന്നത്. പണവും പദവിയും പരാതിക്കാരിക്ക് വാഗ്ദാനം ചെയ്തിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളടക്കം പലസംഘടനകള്‍ ശശിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കാമെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയത്. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടാല്‍ നീതികിട്ടില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും പരാതിക്കാരിക്കും കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്നായി അറിയും.
https://www.facebook.com/Malayalivartha


























