ഇരുമുടിക്കെട്ടില്ലാതെ ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി കയറി ആചാരം ലംഘിച്ച ശങ്കരദാസിനെ നീക്കണമെന്ന ഹര്‍ജി ഇന്നു കോടതി പരിഗണനയില്‍

ഇരുമുടിക്കെട്ടില്ലാതെ ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി കയറി ആചാരം ലംഘിച്ച കെ.പി. ശങ്കരദാസിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്നു നീക്കണമെന്ന രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. തന്റെ അറിവില്ലായ്മ മൂലമുള്ള അബദ്ധമെന്നു കണക്കാക്കി ക്ഷമിക്കണമെന്നഭ്യര്‍ഥിച്ച് സത്യവാങ്മൂലം നല്‍കാനാണു ശങ്കരദാസിന്റെ നീക്കം.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന കാര്യം അപ്പോള്‍ ചിന്തിച്ചിരുന്നില്ല. ചിത്തിര ആട്ടവിശേഷത്തിനായി അഞ്ചിനു നട തുറന്നപ്പോള്‍ ആഴി ജ്വലിപ്പിക്കാനായാണ് തന്ത്രി കണ്ഠര് രാജീവര്‍ക്കൊപ്പം പതിനെട്ടാംപടി ചവിട്ടിയത്. ഇക്കാര്യം തന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നറിയില്ലെന്നും ശങ്കരദാസ് ബോധിപ്പിക്കും. ഗായകന്‍ യേശുദാസും മുന്‍ മേല്‍ശാന്തിയും കഴിഞ്ഞ വര്‍ഷം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിനെതിരേ കോടതിയില്‍ പരാതിവന്നിരുന്നു. അറിവില്ലായ്മ മൂലമാണ് അതു സംഭവിച്ചതെന്ന യേശുദാസിന്റെ വാദം അംഗീകരിച്ചെങ്കിലും, മുന്‍ മേല്‍ശാന്തിക്ക് അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നു കോടതി നിരീക്ഷിച്ചിരുന്നു.
ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകൂ. ആചാരലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാരക്രിയ ചെയ്യുമെന്നു തന്ത്രി അറിയിച്ചിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ നിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്നു ശങ്കരദാസ് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം ഇരുമുടിക്കെട്ടില്ലാതെ പടികയറിയിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
"
https://www.facebook.com/Malayalivartha

























