നെയ്യാറ്റിന്‍കര കൊലപാതകത്തിൽ എസ്ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്; സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും കൃത്യമായ നടപടിയെടുക്കാൻ പോലീസുകാർക്ക് നിര്‍ദ്ദേശം നല്‍കിയില്ല; പോലീസുകാരെ ബലിയാടാക്കി എസ്ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി ആരോപണം

നെയ്യാറ്റിന്‍കരയില്‍ കാറിന് മുന്നിലേക്ക് യുവാവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്‌പി ബി ഹരികുമാറിനും സ്ഥലം എസ്ഐ സന്തോഷ് കുമാറിനും ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും കൃത്യമായ നടപടിയെടുക്കാൻ പോലീസുകാർക്ക് നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അതേസമയം എസ്ഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് തന്നെ നേരിട്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൃത്യവിലോപത്തിന് രണ്ട് പൊലീസുകാരെ മാത്രമാണ് നിലവിൽ സസ്പെന്‍റ് ചെയ്തത്. ഇവരെ ബലിയാടാക്കി എസ്ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും ആരോപണമുയരുന്നുണ്ട്.
അഞ്ചാം തീയതി രാത്രി സനല്‍ അപകടത്തില്‍പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആദ്യം സനലിനെ കൊണ്ടുപോയത് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പൊലീസ് ആദ്യം പോയത് സ്റ്റേഷനിലേക്കാണ്. ഡ്യൂട്ടിമാറാനാണ് സ്റ്റേഷനില്‍ പോയതെന്നായിരുന്നു വിശദീകരണം.
മെഡിക്കല്‍ കോളേജിലോ അടുത്ത് സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലോ ആദ്യം കൊണ്ടു പോകാൻ എസ്ഐ സന്തോഷ് കുമാര്‍ നിർദ്ദേശം നൽകിയില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പൊലീസുകാര്‍ ഡ്യൂട്ടി മാറിയത് തടസ്സപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഇന്നുരാവിലെ എസ്ഐ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























