മദ്യലഹരിയില്‍ നൃത്തമാടാന്‍ യുവാവ് തെരഞ്ഞെടുത്തത് നടുറോഡ്, ദമ്പതികള്‍ ബസിനടിയില്‍പെടാതെ രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ടുമാത്രം!

പയ്യന്നൂര്‍ ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മദ്യലഹരിയില്‍ യുവാവ് നൃത്തമാടിയപ്പോള്‍ ദുരന്തമനുഭവിക്കേണ്ടി വന്നത് ബൈക്ക് യാത്രികരായ ദമ്പതികള്‍. യുവാവിന്റെ ചെയ്തിയില്‍ കുടുങ്ങിയ ദമ്പതികള്‍ വന്‍ അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
മദ്യലഹരിയില്‍ പുറകോട്ട് ചുവടുകള്‍ വച്ച് നീങ്ങുകയായിരുന്നു യുവാവ്. ഇയാളെ മറികടന്ന് സ്‌കൂട്ടറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോയി. കുറച്ചുസമയത്തിനുശേഷം പിന്നാലെ വന്ന ബൈക്ക് ഇയാളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ഓവര്‍ടേക്കു ചെയ്ത് എത്തിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടു.
ബൈക്ക് നിയന്ത്രണം വിട്ട് വീണത് ബസിനടിയിലേക്ക്. ചക്രങ്ങള്‍ക്കടിയില്‍ പെടാതെ ബൈക്ക് യാത്രികരായ ദമ്പതികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിലെ യാത്രക്കാരും നാട്ടുകാരും ഓടികൂടുമ്പോഴും കൂസലില്ലാതെ നില്‍ക്കുകയായിരുന്നു മദ്യപനായ യുവാവ്. പരുക്കേറ്റ വാടിപ്പുറത്തെ കെ.സാബു, ഭാര്യ സിന്ധു എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



https://www.facebook.com/Malayalivartha
























