ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്റ്റംബർ 10 വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. സെപ്റ്റംബർ 11 വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും സെപ്റ്റംബർ 12 ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ സാഹചര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റമാണ് സംഭവിക്കുന്നത്. സെപ്റ്റംബർ 11ന് മധ്യപടിഞ്ഞാറൻ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരപ്രദേശത്തും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സംവിധാനത്തിന്റെ തുടർന്നുള്ള മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണ്.
ഇതിന്റെ സ്വാധീനത്തോടൊപ്പം കേരളത്തിലും മഴയ്‌ക്ക് സാധ്യത നിലനിൽക്കുകയാണ്.വരും ദിവസങ്ങളിൽ മഴയുടെ തീവ്രതയിൽ പ്രാദേശിക വ്യത്യാസങ്ങൾഉണ്ടാകാമെന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുള്ളവർ കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. മഴയ്‌ക്കൊപ്പം ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ അതിന്റെ സഞ്ചാരപഥവും ശക്തിയും അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിലെ മഴസാഹചര്യത്തിലും മാറ്റമുണ്ടാകാം. അതിനാൽ നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പുകളും നിരീക്ഷിക്കേണ്ടത് നിർണായകമാണ്.സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























