വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്. ഇയാളുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അരമണിക്കൂറോളം പൊലീസ് വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം പരിശോധന നടത്തിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുകമാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. അജ്മാനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മകനെ കുടുക്കിയതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരങ്ങള്‍ തേടിയെത്തിയതെന്ന് അറിയുന്നു.
പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടില്‍ പെട്ടെന്ന് കേസും അറസ്റ്റും ജയില്‍വാസവും ഉണ്ടായപ്പോള്‍ അതിന് പിന്നില്‍ ചരടുവലികള്‍ നടന്നിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളിയും തുഷാറും സംശയിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് എന്ന നിര്‍മാണ കമ്പനി ഉപകരാറുകാരനായിരുന്ന നാസില്‍ വാങ്ങുകയായിരുന്നു. അന്ന് വെള്ളാപ്പള്ളി ജീവനക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്ന വലിയ തുക നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ കേസ് കൊടുക്കുകയും നാസില്‍ രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. നാസിലിന് നല്‍കിയ പത്തൊന്‍പതെര കോടി രൂപയുടെ ചെക്ക് ബൗണ്‍സായതിനെ തുടര്‍ന്ന് തുഷാറിനെ സമീപിച്ചിരുന്നു. പണം നല്‍കാമെന്ന് പലതവണ പറഞ്ഞെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടിതപ്പുകയായിരുന്നു.
ഇതിനിടെ അജ്മാന്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ദുബായിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുഷാറിന് ജാമ്യം കിട്ടിയെങ്കിലും രാജ്യംവിടാനാകില്ല. കേരളത്തില്‍ വെച്ച് തുഷാറുമായി ഒത്തുതീര്‍പ്പോ മറ്റ് ചര്‍ച്ചകളോ നടത്തിയാല്‍ പണം തിരികെ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് നാസില്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് അറിയുന്നു. അതേസമയം കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയഗൂഢാലോചന നടന്നിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
https://www.facebook.com/Malayalivartha