പട്ടാപകൽ തട്ടിപ്പറി; കടയുടമയുടെ കൈയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച് ഇറാന്‍ സ്വദേശികൾ

ഇറാന്‍ സ്വദേശികളായ ദമ്പതികള്‍ സ്റ്റേഷനറി കടയിലെ കടയുടമയുടെ കൈയ്യില്‍ നിന്നും പണം തട്ടിപ്പറിച്ച് കൊണ്ടോടി. രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഇവരെ കുണ്ടറ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇറാന്‍ സ്വദേശികളായ അമീര്‍ കാമ്യാബി(27),നസ്രീന്‍ കാമ്യാര്‍(20) എന്നിവരാണ് പ്രതികൾ. കുണ്ടറയിലാണ് സംഭവം. ഇന്നലെ ചന്ദനത്തോപ്പിലുള്ള അബ്ദുല്‍ വഹാബിൻറെ യാസിം ട്രേഡിങ്ങ് കമ്പനി എന്ന സ്റ്റേഷനറിക്കടയില്‍ എത്തിയ ഇരുവരും, ഒരു ലൈഫ് ബോയ് സോപ്പ് വാങ്ങുകയും പണം നല്‍കുകയും ചെയ്തു. വിദേശികളായതിനാല്‍ നല്ല കച്ചവടം നടക്കുമെന്ന് ആഗ്രഹത്തോടെ വഹാബ് അണ്ടിപ്പരിപ്പും മറ്റും എടുത്തുകാട്ടി ആവശ്യമുണ്ടോ എന്ന് ചോദിച്ചു. മാത്രമല്ല കച്ചവടം നടക്കാനായി ആകര്‍ഷകമായി പെരുമാറുകയും ചെയ്തു. ഇതോടെ അവരും കൂടുതല്‍ അടുപ്പം അഭിനയിക്കാൻ തുടങ്ങി. ദമ്പതികള്‍ ഇന്ത്യന്‍ കറന്‍സികള്‍ കാണിക്കുമോ എന്ന് ചോദിച്ചു. പത്തിന്റെയും അമ്പതിന്റെയും നൂറിന്റെയും നോട്ടുകള്‍ കാണിച്ചെങ്കിലും രണ്ടായിരത്തിെൻറെ നോട്ട് കാണിക്കുമോ എന്നവർ ആവശ്യപ്പെട്ടു.
ഇതോടെ വഹാബ് മേശയിലുണ്ടായിരുന്ന 2000ൻറെ നോട്ടുകള്‍ അടങ്ങിയ 46,000 രൂപ എടുത്ത് എണ്ണിക്കാണിച്ചു കൊടുത്തു. പണം എണ്ണുന്നതിനിടെ വഹാബിൻറെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ച് ദമ്പതികള്‍ ഓടി രക്ഷപ്പെട്ടു. ഓടി പാർക്ക് ചെയ്തിരുന്ന ഡെല്‍ഹി രജിസ്ട്രെഷന്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോൾ വ്യാപാരിയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ തടയുകയും ഇവരെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. സമാനമായ തട്ടിപ്പുകള്‍ പത്തനംതിട്ട, എറണാകുളം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും അരങ്ങേറിയി ട്ടുണ്ട്. പത്തനംതിട്ടിയില്‍ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവര്‍ കുണ്ടറയിലെത്തി അവരെ കണ്ടെങ്കിലും അവരെ കബളിപ്പിച്ചവര്‍ ഇവരല്ലെന്ന് തിരിച്ചറിഞ്ഞു. ഡി.എല്‍. സി.എ.ഫ് 0956 നമ്പര്‍ ഫോര്‍ഡ്കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇവരുടെ യാത്രരേഖകളില്‍ പ്രാഥമിക പരിശോധനയില്‍ ക്രമക്കെടുകളൊന്നും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























