പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധ പരിശീലനം; പോലീസ് ട്രെയിനിംഗ് കോളേജില്‍ വച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമുള്ള മനോഭാവവും സമീപനവും ജോലി സംസ്‌കാരവും മാറ്റുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ 'ബോധ്യം' എന്ന പേരില്‍ ലിംഗാവബോധ പരിശീല പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ നാലാം തീയതി രാവിലെ 10 മണിക്ക് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍വെച്ച് പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘടാനം ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.ജി.പി.ലോക്‌നാഥ് ബഹ്‌റ മുഖ്യാതിഥിയാകും. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു, എ.ഡി.ജി.പി. ബി. സന്ധ്യ, ഡി.ഐ.ജി. അനൂപ് കുരുവിള ജോണ്‍, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും എസ്.ഐ.തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണ് ബോധവല്‍ക്കരണത്തിനുള്ള സമഗ്ര പരിശീലന പരിപാടി തയ്യാറാക്കിയിരിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ പല രാജ്യങ്ങളിലും നടന്ന പരിശീലന മാര്‍ഗരേഖയും ഇന്ത്യയിലെ വനിതാ കമ്മീഷന്റെ മാര്‍ഗരേഖയും അനുസരിച്ചാണ് പരിശീലനം.കര്‍ണാടക, മേഘാലയ സംസ്ഥാനങ്ങള്‍ക്ക് ശേഷം മൂന്നാമതായാണ് കേരളം ഇത്തരത്തില്‍ പരിശീലനം നടത്തുന്നത്.
https://www.facebook.com/Malayalivartha





















