പള്ളിയിൽ കയറണമെങ്കിൽ എസ് ഐ അദ്ദേഹം കനിയണം; പിറവം പള്ളിതർക്കത്തിൽ സുപ്രീം കോടതി വിധി ഘട്ടംഘട്ടമായി നടപ്പിലാക്കാൻ മാത്രമേ കഴിയുകയുളളുവെന്ന സർക്കാർ നിലപാട് പാലാ ഉപതെരഞ്ഞടുപ്പിൽ തിരിഞ്ഞുകൊത്തും

പള്ളിയിൽ കയറണമെങ്കിൽ പോലീസിന്റെ അനുമതി വേണമെന്ന പിണറായിയുടെ നിലപാട് പാലായിൽ സി പി എമ്മിനെ മുട്ടുകുത്തിക്കും. പിറവം പള്ളി തർക്കത്തിലാണ് സർക്കാർ ഇത്തരമാരു നിലപാട് എടുത്തത്.
പിറവം പള്ളിതർക്കത്തിൽ സുപ്രീം കോടതി വിധി ഘട്ടംഘട്ടമായി നടപ്പിലാക്കാൻ മാത്രമേ കഴിയുകയുളളുവെന്ന സർക്കാർ നിലപാട് പാലാ ഉപതെരഞ്ഞടുപ്പിൽ ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. . ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഓർത്തഡോക്സ് പക്ഷത്തിന് വലിയ സ്വാധീനമുള്ള സ്ഥലമാണ് പാലാ.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും സർക്കാരിന് പാലായിൽ കുരുക്കാവും. ക്രൈസ്തവർ കഴിഞ്ഞാൽ പാലായിൽ ഏറ്റവുമധികമുള്ളത് ഹൈന്ദവരാണ്. അതിൽ നായർ സമുദായക്കാരാണ് കൂടുതൽ. നായർ സമുദായക്കാരിൽ നല്ലൊരു ശതമാനം എൻ എസ് എസിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് എൻ എസ് എസ്.
പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് സഭ ഹൈകോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ഭരണ ചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണം എന്നുമാണ് ഓർത്തഡോക്സ് സഭ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ യാക്കോബായ വിഭാഗത്തിന് വേണ്ടി സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓർത്തഡോക്സ് പക്ഷം ആരോപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. 15 പേജുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. ഒറ്റയടിക്ക് നിബന്ധനകൾ നടപ്പിലാക്കാൻ കഴിയില്ല. ഇതു കൊണ്ട് തീർന്നില്ല. ഉത്തരവ് നടപ്പിലാക്കണമെങ്കിൽ സഭ 18 നിബന്ധനകൾ അനുസരിക്കാൻ തയ്യാറാകണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പിറവം പള്ളിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ പിറവം പോലീസ് സ്റ്റേഷനിൽ എത്തി ഇടവക അംഗമാണെന്ന സത്യവാങ് മൂലം നൽകണം. ആധാർ കാർഡോ ഇലക്ഷൻ ഐ ഡിയോ ഹാജരാക്കണം. 1934 ലെ പള്ളി ഭരണഘടന അംഗീകരിക്കുന്നതായി എഴുതി നൽകണം. ഇത്രയും ഹാജരാക്കിയാൽ പള്ളിയിൽ പ്രവേശിക്കാനുള്ള പാസ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കും. പള്ളിയിൽ കയറണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകണമെന്ന സർക്കാർ നിർദ്ദേശം വിശ്വാസികളിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കും. പോലീസ് നൽകുന്ന പാസില്ലാതെ പള്ളിയിൽ പ്രവേശിക്കാനാവില്ലെന്ന നിലപാട് വിശ്വാസികൾക്കുള്ള വെല്ലുവിളിയാണ്. ഒരു സമയത്ത് 250 പേരിൽ കൂടുതൽ പേരേ പള്ളിയിൽ അനുവദിക്കില്ലെന്നും സർക്കാർ പറയുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പള്ളി അടച്ചിടും എന്നും സർക്കാർ പറയുന്നു.
പാലായിൽ യാക്കോബായ സഭക്ക് വലിയ സ്വാധീനമില്ല, സീറോ മലബാർ ഓർത്തഡോക്സ് സഭകൾക്കാണ് പാലായിൽ ജനപിന്തുണയുള്ളത്. മലയാള മനോരമ ദിനപത്രം ഓർത്തഡോക്സുകാരുടേതാണ്. മനോരമയും മറ്റും സർക്കാരിനെതിരെ സ്വീകരിക്കുന്ന അതിശക്തമായ നിലപാടുകളാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്നത്. എണ്ണത്തിൽ കുറഞ്ഞ യാക്കോബായക്കാരെ സർക്കാർ സഹായിക്കുന്നതിന്റെ മനശാസ്ത്രം പലർക്കും പിടി കിട്ടിയിട്ടില്ല. ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് അതേപടി നടപ്പിലാക്കാനാണ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ശബരി മലയിലും പിറവം പള്ളിയിലും സർക്കാർ രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് നിർദ്ദേശങ്ങളും നൽകിയത് സുപ്രീം കോടതി തന്നെയാണ്. അടുത്ത കാലത്ത് കോടിയേരി ശബരിമല നിലപാട് തിരുത്തിയിരുന്നു. എന്നാൽ പിണറായി തന്റെ പഴയ നിലപാട് ആവർത്തിച്ചു. ഒരേ പന്തിയിൽ രണ്ട് ഭോജനം എന്തിനെന്ന് ചോദിക്കുന്നവരാണ് അധികവും. പള്ളി വിഷയവും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാനാണ് സി പി എം തീരുമാനിച്ചത്. അതിനിടയിലാണ് സർക്കാർ തിരിഞ്ഞു കൊത്തിയത്. അതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പാലാ ഉപ തെരഞ്ഞെടുപ്പിനിടയിൽ.
https://www.facebook.com/Malayalivartha


























