പാലായിലെ താരം കെ.എം മാണിയാണെന്നും രണ്ടില ചിഹ്നം അല്ലെന്നും കേരളാ കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ.മാണി, പാലാക്കാരുടെ മനസ്സില്‍ അദ്ദേഹമുണ്ട്

പാലായിലെ താരം കെ.എം മാണിയാണെന്നും രണ്ടില ചിഹ്നം അല്ലെന്നും കേരളാ കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ.മാണി. പാലാക്കാരുടെ മനസ്സില്‍ അദ്ദേഹമുണ്ട്. അവരുടെ മനസ്സില്‍ നിന്ന് അദ്ദേഹത്തെ അങ്ങനെ മായ്ച്ച കളയാനാവില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിലധികം പാലാക്കാര്‍ കെ.എം മാണിയെ വിജയിപ്പിച്ചത് രണ്ടില ചിഹ്നത്തില്‍ വോട്ട് ചെയ്താണ്. പാലാക്കാര്‍ക്ക് കെ.എം മാണിയുമായും രണ്ടിലയുമായും അത്രയ്ക്ക് ആത്മബന്ധമുണ്ട്. ആ ചിഹ്നമാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് നല്‍കാനൊക്കില്ലെന്ന് പി.ജെ ജോസഫ് വാശിപിടിക്കുന്നത്. യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, ബെന്നി ബെഹന്നാന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടിട്ടും ചിഹ്നം അനുവദിക്കാന്‍ തയ്യാറായില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
പാലാക്കാര്‍ക്ക് ഇത് വൈകാരിക പ്രശ്‌നമാണ്. ഈ ചിഹ്നവുമായി അത്രയ്ക്ക് അടുപ്പമുണ്ടവര്‍ക്ക്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നില്‍ക്കും. ചിഹ്നം തിരികെ ലഭിക്കാന്‍ നിയമപരമായ എല്ലാ സാധ്യാതകളും തേടുന്നുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബാക്കി കാര്യങ്ങള്‍ താമസിക്കാതെ പാലായിലെ ജനങ്ങളോട് പറയും. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും യു.ഡി.എഫിനായി മത്സരിക്കുക. അതില്‍ മാറ്റമുണ്ടാകില്ല. പൈനാപ്പിള്‍ , ഓട്ടോറിക്ഷ, ഫുടബോള്‍ ചിഹ്നങ്ങള്‍ സ്ഥാനാര്‍ത്ഥി ജോസ് ടോം ആവശ്യപ്പെട്ടെന്ന് അറിയുന്നു. രണ്ടില നല്‍കാന്‍ പി.ജെ ജോസഫ് തയ്യാറായാല്‍ അതില്‍ തന്നെ മത്സരിക്കും. അതിനാല്‍ രണ്ട് രീതിയിലാണ് പത്രിക നല്‍കിയത്. സ്വതന്ത്രസ്ഥാനാര്‍ഥിയായും കേരളാകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായും.
പാലാക്കാരുടെ സ്വന്തം നേതാവ് കെ.എം മാണി അന്തരിച്ചതോടെയാണ് അവിടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ ആറ് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തേണ്ട സമയം ആയതിനാലാണ് പാലായില്‍ ആദ്യം തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. താന്‍ പറഞ്ഞ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് പി.ജെ ജോസഫ് സ്വന്തം പാര്‍ട്ടിക്ക് തന്നെ പാരയുമായി രംഗത്തെത്തിയത്. ജോസ് കെ. മാണിയോ, ജോസ് ടോമോ ആവശ്യപ്പെട്ടാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ് ചില നേതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നം ആവശ്യപ്പെടാതെ തന്നെ നല്‍കണം എന്ന നിലപാടിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും.
കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ. ജോസഫിനെ ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനായി മറ്റ് നേതാക്കള്‍ അംഗീകരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ഉപാധി. അതിന് ശേഷം ചിഹ്നം നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കളോട് പറഞ്ഞു. പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കാതെ ജോസ് ടോമിന് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗികചിഹാനമായ 'രണ്ടില' ചിഹ്നം ലഭിക്കില്ല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് റോഷി അഗസ്തി എം.എല്‍.എ തന്നെ വിളിച്ചിരുന്നെന്നും പങ്കെടുക്കുമെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അണികളുടെയും പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ പി.ജെ ജോസഫ് പാര്‍ട്ടിക്ക് വഴങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha


























