ഡെറാഡൂണില്‍ കൊല്ലപ്പെട്ട 485 കോടി രൂപയുടെ ബിറ്റ്കോയിന്‍ തട്ടിപ്പിലെ മുഖ്യസൂത്രധാരനായ പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചെടുത്തതില്‍ ദുരൂഹത; കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികള്‍ ഷുക്കൂറിന്റെ വിരലടയാളം എടുത്തിട്ടുണ്ടാവാമെന്ന് ബന്ധുക്കൾ

485 കോടി രൂപയുടെ ബിറ്റ്കോയിന്‍ തട്ടിപ്പിലെ മുഖ്യസൂത്രധാരനായ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചെടുത്തതില്‍ ദുരൂഹത. കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികള്‍ ഷുക്കൂറിന്റെ വിരലടയാളം എടുത്തിട്ടുണ്ടാവാമെന്ന് മാതാവ് എംപി സക്കീന ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയവർ ആധാർ കാർഡ്, ബിസിനസ് രേഖകൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയും കൊണ്ടുപോയിരുന്നു.
വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് എടുത്തുമാറ്റി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷുക്കൂർ മുഖേന തീർക്കേണ്ട ചില ഇടപാടുകളുണ്ടെന്നും കൂടെപ്പോയില്ലെങ്കിൽ എല്ലാ ബാദ്ധ്യതകളും ഷുക്കൂർ ഏൽക്കേണ്ടി വരുമെന്നും തട്ടിക്കൊണ്ടുപോയവർ പറഞ്ഞു. പരാതി കൊടുത്താൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നത്. ഒരുവർഷത്തോളമായി പലരുടേയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടിൽ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ച് പ്രശ്നങ്ങളുന്നയിക്കുകയും ചെയ്തു. ഷുക്കൂറിനെ കൊണ്ടുപോയവർ മലയാളികളായതിനാൽ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് കേരള പൊലീസ് അന്വേഷിക്കണമെന്ന് കുടുംബവും നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കൗൺസിലും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
485 കോടി രൂപയുടെ നിക്ഷേപം നടന്ന ബിറ്റ്കോയിന്‍ ഇടപാടിലെ ഷുക്കൂറിന്റെ വ്യാപാര പങ്കാളികളാണ് കൊലപാതകം നടത്തിയതെന്നാണ് ഡെറാഡൂണ്‍ പോലീസിന്റെ കണ്ടെത്തല്‍. പത്തംഗ സംഘത്തിലെ അഞ്ച് പ്രതികള്‍ പിടിയിലായി. നിക്ഷേപം തിരിച്ചുകൊടുക്കാനാകാതെ പ്രതിസന്ധിയിലായ ഷുക്കൂറിനെ രണ്ട് മാസം മുമ്പാണ് പ്രതികള്‍ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വ്യാപാര അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മൂന്ന് ദിവസം മര്‍ദനം തുടര്‍ന്നു.ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ഡെറാഡൂണിലെ ഒരു ആശുപത്രിയിലെത്തിച്ച് സംഘം രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങളും വെച്ച് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ വേണ്ടി മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി ഷുക്കൂര്‍ 485 കോടിയാണ് സമാഹരിച്ചത്. തന്റെ സംഘത്തിലെ പ്രധാനികളെ കൂടാതെ, ഉപസംഘങ്ങളെയും ഇതിനായി വിനിയോഗിച്ചു. ബിറ്റ്‌കോയിന്‍ ബിസിനസില്‍ ഷുക്കൂറിന് വന്‍നഷ്ടം നേരിട്ടതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ഇതോടെ, തന്റെ മുഖ്യകൂട്ടാളികളായ ആഷിഖ്, റെഹാബ്, അര്‍ഷന്‍, മുനീഫ് എന്നിവര്‍ക്കൊപ്പം ഷുക്കൂര്‍ കുറച്ചുനാള്‍ മുമ്ബ് കേരളത്തില്‍ നിന്ന് മുങ്ങി. എന്നാല്‍, ബിറ്റ്‌കോയിന്‍ ഇടപാടില്‍ നിക്ഷേപിച്ചവര്‍ ഷുക്കൂറിനെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ഷുക്കൂറിനെയും സംഘത്തെയും അവര്‍ വിടാതെ പിന്തുടര്‍ന്നു. ഇതോടെ സംഘത്തിന് പലയിടത്തും ഒളിച്ചുതാമസിക്കേണ്ടി വന്നു. അടിക്കടി സ്ഥലം മാറി.
തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആര്‍ത്തി മൂത്ത് അബ്ദുള്‍ ഷുക്കൂര്‍ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്‌കോയിന്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂര്‍ ആഷിഖിനെ വിശ്വസിപ്പിച്ചത്. താന്‍ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി ലോഞ്ച് ചെയ്യാന്‍ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ ഇതല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും ഷുക്കൂര്‍ ആഷിഖിനെ വിശ്വസിപ്പിച്ചു. ഷുക്കൂര്‍ പറഞ്ഞത് പൂര്‍ണമായി വിശ്വസിക്കാന്‍ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്‌കോയിന്‍ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാന്‍ അവര്‍ തീരുമാനിച്ചു. ഷുക്കൂറിന്റെ അക്കൗണ്ടില്‍ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാല്‍ അത് തങ്ങള്‍ക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് 12 ന് അബ്ദുള്‍ ഷക്കീറിനൊപ്പം ആഷിക് ഡെറാഡൂണിലെത്തി ഒരു വാടകവീട് തേടി. എട്ട് ദിവസത്തിന് ശേഷം പ്രേംനഗറിലെ സുധോവാലയിലെ ഒരുവീട്ടില്‍ താമസം തുടങ്ങി. സംഘത്തിലെ മറ്റംഗങ്ങള്‍ ഓഗസ്റ്റ് 25 ന് ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഷുക്കൂറിനെ വീട്ടിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു. പാസ് വേഡ് വെളിപ്പെടുത്താന്‍ ആദ്യം അനുനയം നോക്കിയെങ്കിലും നടപ്പില്ലെന്ന് മനസ്സിലായതോടെ ക്രൂരമായ മര്‍ദ്ദനമുറകള്‍ തുടങ്ങി. കൊടിയ പീഡനം തുടര്‍ന്നെങ്കിലും ഷുക്കൂര്‍ പാസ് വേഡ് വെളിപ്പെടുത്തിയില്ല. ഒടുവില്‍ ഇയാള്‍ ബോധരഹിതനായതോടെ കാര്യങ്ങള്‍ പാളി. പരിഭ്രാന്തരായ സംഘം എങ്ങനെയെങ്കിലും പാസ് വേഡ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഷുക്കൂറിനെ ആശുപത്രിയിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.
https://www.facebook.com/Malayalivartha


























