കഴിഞ്ഞ തവണ അധികാരത്തില്‍ നിന്ന് യു.ഡി.എഫിനെ ആട്ടിപ്പായിച്ച വിമതന്‍ പി.കെ രാകേഷിനെ കൊണ്ട് തന്നെ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയെ യു.ഡി.എഫ് താഴെയിറക്കി

കടിച്ച പാമ്പിനെ കൊണ്ട് വിഷം പുറത്തെടുക്കുക- എന്ന പോലെയായി യു.ഡി.എഫിന്റെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കല്‍. കഴിഞ്ഞ തവണ അധികാരത്തില്‍ നിന്ന് യു.ഡി.എഫിനെ ആട്ടിപ്പായിച്ച വിമതന്‍ പി.കെ രാകേഷിനെ കൊണ്ട് തന്നെ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയെ അവര്‍ താഴെയിറക്കി. കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണനെ ഇന്ന് മേയറായി തെരഞ്ഞെടുത്തു. സി.പി.എമ്മിന്റെ മേയറായിരുന്ന ഇപി ലതയെ 26 നെതിരെ 28 വോട്ടിനാണ് യു.ഡി.എഫ് പരാജയപ്പെടുത്തിത്. ഇന്ന് രാവിലെ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയില്‍ കനത്ത സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചും എല്‍.ഡി.എഫാണ് ഭരിച്ചിരുന്നത്. യുഡിഎഫ് കണ്ണൂര്‍ പിടിച്ചെടുത്തതോടെ അത് നാലായി ചുരുങ്ങി.
കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പി.കെ രാകേഷ് വിമതനായി മത്സരിച്ച് വിജയിച്ചത്. തുടര്‍ന്ന് എല്‍.ഡി.എഫിന് പിന്തുണ നല്‍കുകയായിരുന്നു. അവര്‍ രാകേഷിനെ ഡെപ്യൂട്ടി മേയറാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാകേഷുമായി അനുനയ ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം പഴയ ലാവണത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ആദ്യ പടിയായി കഴിഞ്ഞ മാസം 17ന് സി.പി.എം മേയറായി തെരഞ്ഞെടുത്ത ഇ.പി ലതയ്‌ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിലെ ഒരു കണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് അവിശ്വാസമായി രംഗത്തെത്തിയത്.
മേയറെ യു.ഡി.എഫ് പുറത്താക്കിയതോടെ ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ 26 കൗണ്‍സിലര്‍മാര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് അംഗങ്ങള്‍ ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്‌കരിച്ചു. ഇതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുള്ള സാധ്യത മങ്ങിയിരുന്നു. എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ രാകേഷിനെ അനുനയിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് മുസ്്‌ലിംലീഗായിരുന്നു. ഇതിനായി മേയര്‍ സ്ഥാനത്തിന് വരെ വിട്ട് വീഴ്ചയ്ക്ക് അവര്‍ തയ്യാറായിരുന്നു. അവിശ്വാസം പാസായതോടെ ആദ്യ ആറ് മാസം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും പിന്നീടുളള ആറ് മാസം മുസ്്‌ലിംലീഗിലെ സി.സീനത്തും മേയര്‍മാരാകണമെന്നാണ് യു.ഡി.എഫ് തീരുമാനം.
ഒറ്റയംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പാണ് ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങിയത്. അതിനിടെ എല്‍.ഡി.എഫിലെ ഒരാള്‍ മരിച്ചു. പി.കെ രാഗേഷ് അനുകൂല തീരുമാനം എടുത്തിട്ടും ആദ്യത്ത ആറുമാസം മേയര്‍ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അവസാനം സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് യു.ഡി.എഫിന് കോര്‍പ്പറേഷന്‍ ഭരണം കൈവിട്ട് പോയതെന്ന താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ച് പി.കെ രാകേഷിനെ പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും തിരിച്ച് കൊണ്ടുവരണമെന്ന് പ്രാദേശികനേതാക്കള്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























