രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്1ല്‍ ഒരു തസ്തികയും ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്2 ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ട് വീതം തസ്തികകളുമാണ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ഈ ജീവനക്കാരെ എത്രയും വേഗം നിയമിച്ച് ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ഡെന്റല്‍ കോളേജിലെ കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ നിര്‍മ്മിക്കാനാകും. ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡെന്റല്‍ ലാബ് സാക്ഷാത്ക്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കുന്നതാണ്. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് പൂര്‍ണമായും ഇവ സൗജന്യമായി ലഭ്യമാകുന്നതാണ്.
പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരമാണ്. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. 1.10 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ലാബിനായി വിനിയോഗിച്ചത്.
"
https://www.facebook.com/Malayalivartha
























