സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. നാളെ കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും മറ്റന്നാള്‍ ലക്ഷദ്വീപ് മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രി 11 :30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള തീരത്ത് കേരള തീരത്തു നിന്നു 10 കിലോമീറ്റര്‍ അകാലത്തില്‍ കടലില്‍ രണ്ടര മുതല്‍ രണ്ടേ മുക്കാല്‍ മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ ഒരു കാരണവശാലും കേരള, കന്യാകുമാരി, മാലദ്വീപ് , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുത്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ, ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റെന്നാള്‍ ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലും 31ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടായാല്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം. നദികളിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട മേഖലകളിലുള്ളവരെ ഉടനടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്. അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഡാമില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഡാമുകളുടെ ഡൌണ്‍ സ്ട്രീമില്‍ താമസിക്കുന്നവര്‍ പ്രത്യേകം കരുതല്‍ സ്വീകരിക്കേണ്ടതാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.
https://www.facebook.com/Malayalivartha
























