ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...

പുറമേ പൂർണ ആരോഗ്യവാന്മാരെന്നു തോന്നിക്കുന്ന ചെറുപ്പക്കാർക്കിടയിൽ പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത മരണങ്ങൾ പ്രവാസലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ഷാർജയിൽ മലയാളി ദന്തഡോക്ടറായ അഫിന ബഷീർ (32) വീട്ടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച സംഭവം ഇത്തരം ദുരന്തങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്.
മലപ്പുറം സ്വദേശിയായ അഫിനയ്ക്ക് മുൻപൊന്നും യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. രണ്ടു കുഞ്ഞുങ്ങളെ പരിപാലിക്കാനായി ജോലിയിൽനിന്നു താൽക്കാലികമായി മാറിനിൽക്കുകയായിരുന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, ഈ വർഷം ആദ്യത്തിൽ ദുബായിൽ ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ 42 വയസ്സുള്ള മലയാളിയും, ക്രിക്കറ്റ് മത്സരത്തിനിടെ 38 വയസ്സുള്ള പ്രമുഖ കായികതാരവും കുഴഞ്ഞുവീണു മരിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടു കൗമാരക്കാരും സമാന രീതിയിൽ മരണപ്പെട്ടു. കായികവിനോദങ്ങളിൽ ഏർപ്പെടുന്നവരും ദിനചര്യകൾ കൃത്യമായി പാലിക്കുന്നവരുമായ യുവാക്കളിൽ പോലും ഹൃദയാഘാതം വില്ലനായി എത്തുന്നു എന്നത് സ്ഥിതിഗതികളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഹൃദയാഘാതം വന്ന് അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ ചെറുപ്പക്കാരുടെ എണ്ണം ഏറെ കൂടുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മുൻപ് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദ്രോഗങ്ങൾ ഇന്ന് ഇരുപത്തഞ്ചും മുപ്പതും വയസ്സുള്ള യുവാക്കളിൽ സർവസാധാരണമായിരിക്കുന്നു. പുറമെ പൂർണ ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന ചെറുപ്പക്കാർ പോലും സൈലന്റ് ഹാർട്ട് അറ്റാക്കിന് ഇരയാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. ഇതേക്കുറിച്ച് യുഎഇയിലെ രണ്ട് പ്രമുഖ ഹൃദ്രോഗവിദഗ്ധർ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
∙ എന്താണ് സൈലന്റ് ഹാർട്ട് അറ്റാക്ക്?ഒരു രോഗിക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ സാധാരണയായി കടുത്ത നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. നെഞ്ചിൽ ഭാരം കയറ്റിവെച്ചതുപോലെയുള്ള തോന്നലും ഇടത് കൈയിലേക്കോ കഴുത്തിലേക്കോ പടരുന്ന വേദനയുമാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ. എന്നാൽ സൈലന്റ് ഹാർട്ട് അറ്റാക്കിൽ ഈ ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ് അപകടസാധ്യത കൂട്ടുന്നത് എന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റായ ഡോ. ജമുന ദേവി പറയുന്നു.
∙ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്പലപ്പോഴും ചെറിയൊരു ക്ഷീണം, നെഞ്ചെരിച്ചിൽ, പുറംവേദന, അല്ലെങ്കിൽ പേശിവേദന എന്നിങ്ങനെ വളരെ നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ മാത്രമേ പലർക്കും അനുഭവപ്പെടാറുള്ളൂ. എന്നാൽ, ഇത് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ജോലി ഭാരം കൊണ്ടുള്ള ക്ഷീണമായോ ആളുകൾ അവഗണിക്കുകയാണ് പതിവ്. ഇതും സൈലന്റ് ഹാർട്ട് അറ്റാക്കുകൾ കൂടുന്നതിന് വലിയൊരു കാരണമാണ്.
ഡയബറ്റിക് ന്യൂറോപ്പതി പേഷ്യന്റ്സ്, പ്രായമായവർ എന്നിവരിലും സൈലന്റ് അറ്റാക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ദീർഘനാളായി പ്രമേഹമുള്ള ഡയബറ്റിക് ന്യൂറോപ്പതി രോഗികളിൽ വേദന അറിയാനുള്ള നാഡികളുടെ ശേഷി കുറവായിരിക്കും. ഇത് മൂലം ഹൃദയാഘാതം ഉണ്ടാകുന്നത് അവർ അറിയാതെ പോകുകയും, ഹൃദയപേശികൾക്ക് വലിയ തോതിൽ നാശം സംഭവിക്കുകയും ചെയ്യും. ഇത് പിന്നീട് ഹൃദയസ്തംഭനം പോലുള്ള വലിയ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ ചെറിയ അസ്വസ്ഥതകളെ പോലും ഗൗരവത്തോടെ കാണേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർ വിശദമാക്കുന്നു.
∙ കാരണങ്ങൾ എന്തൊക്കെ?പ്രവാസികളുടെ മാറിയ ജീവിതശൈലി, നാട്ടിലെ സുരക്ഷിതമായ ചുറ്റുപാടിൽ നിന്ന് മാറി നിൽക്കുമ്പോളുണ്ടാകുന്ന മാനസിക സമ്മർദ്ദം തുടങ്ങി നിരവധി കാരണങ്ങൾ സൈലന്റ് ഹാർട്ട് അറ്റാക്കുകൾക്ക് കാരണമാകാം. ജോലിസ്ഥലത്തെ ടാർഗറ്റുകൾ, സാമ്പത്തിക സമ്മർദ്ദം, കുടുംബത്തിൽ നിന്നും അകന്നുള്ള താമസം എന്നിവയെല്ലാം ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കകുറവ്, പുകവലി, വേപ്പിങ്, മദ്യപാനം, ശരീരത്തിലെ ജലാംശത്തിന്റെ കുറവ് എന്നിവയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന് ദുബായ് മെഡിയോർ ഹോസ്പിറ്റലിലെ ഇന്റർവെൻഷനൽ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സഞ്ജയ് രാജ്‌ദേവ് പറയുന്നു.
ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പടങ്ങിയ മാംസാഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വലിയ തോതിൽ വർധിപ്പിക്കുന്നു. പലപ്പോഴും മുപ്പതുകളിലും നാല്പതുകളിലുമുള്ള പ്രവാസികൾ വർഷങ്ങളോളം മെഡിക്കൽ ചെക്കപ്പുകൾ ചെയ്യാറില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ശരീരത്തിൽ അപകടകരമായ രീതിയിൽ കൂടുന്നത് ക്രമേണ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണമാകുകയും, ഒടുവിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. നെഞ്ചെരിച്ചിലാണെന്ന് കരുതി സ്വന്തമായി ആന്റാസിഡുകൾ കഴിച്ച് അവസ്ഥ വളരെ ഗുരുതരമാകുമ്പോഴാണ് പലരും ആശുപത്രികളിൽ എത്തുന്നത്. അപ്പോഴേക്കും ഹൃദയത്തിന്റെ പകുതിയിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ അവ്യക്തമായിരിക്കും. ക്ഷീണവും നടുവേദനയും ശ്വാസം തടസ്സവും കാരണം വരുന്ന സ്ത്രീകളിൽ പലപ്പോഴും ഡോക്ടർമാർ സംശയത്തിന്റെ പേരിൽ നിർദേശിക്കുന്ന ഇസിജി പരിശോധനയിലാണ് ഹൃദയാഘാതം നടന്നത് കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha
























