സ്ഥിരമായി ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യം മോഷ്ടിക്കുന്ന കള്ളന്മാരെ സിസി ടിവി കാമറയില്‍ തിരിച്ചറിഞ്ഞ ജീവനക്കാര്‍ കുടുക്കിയത് ഇങ്ങനെ...

ആലപ്പുഴ ജെട്ടിപ്പാലത്തിനു സമീപമുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുകയും ഇന്നലെ വീണ്ടും മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഓടി രക്ഷപെട്ട ഒപ്പമുണ്ടായിരുന്ന പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആലപ്പുഴ വട്ടയാല്‍ അരയന്‍പറമ്പില്‍ സൈനുല്‍ നിസാമാ(34)ണ് പിടിയിലായത്.
മദ്യം വാങ്ങാന്‍ എത്തിയ രണ്ടു പേര്‍ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് മദ്യവുമായി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപെട്ടെങ്കിലും ഒരാളെ ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസിനെ അറിയിച്ചു. നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തെത്തുടര്‍ന്ന് അര മണിക്കൂറോളം വില്‍പന തടസപ്പെട്ടു. മോഷണശ്രമം നടന്നയുടന്‍ ജീവനക്കാര്‍ കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി. പിന്നീട് പോലീസ് എത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയ ശേഷമാണ് വില്‍പന പുനരാരംഭിച്ചത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷണം പോകുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വൈകുന്നേരം സ്റ്റോക്കിന്റെ കണക്ക് എടുക്കുമ്പോള്‍ പണത്തിന്റെ കുറവ് കണ്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നിരീക്ഷണ ക്യാമറ ജീവനക്കാര്‍ പരിശോധിച്ചിരുന്നു.
അപ്പോഴാണ് തിരക്കേറിയ സമയത്ത് രണ്ട് പേര്‍ എത്തി പതിവായി വിലകൂടിയ മദ്യം മോഷ്ടിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ക്യാമറ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് രണ്ട് അംഗ സംഘം വീണ്ടും എത്തി മദ്യം കൗണ്ടറില്‍ നിന്ന് എടുത്തു പണം നല്‍കാതെ പോയി. ഈ സമയം പുരുഷ ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം 6.45-ന് വീണ്ടും സംഘം എത്തിയതോടെ ജീവനക്കാര്‍ കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























