പാലക്കാട് നഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധവുമായി എ.ഐ.വൈ.എഫ്

പാലക്കാട് നഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. സി.പി.ഐ നേതാക്കള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യുവജന നേതാക്കള്‍ തെരുവിലിറങ്ങിയത്. ഇതോടെ ഇടത് മുന്നണി വലിയ പ്രതിരോധത്തിലായി. 'അവര്‍ വിളിച്ചത് ഇന്‍ക്വിലാബല്ലേ?, അവര്‍ പിടിച്ചത് ചെങ്കൊടിയല്ലേ?, അവരെ സഖാവെന്നല്ലേ? വിളിച്ചത്, വഴിതെറ്റിയവരാണ് വര്‍ഗ്ഗ ശത്രുക്കളല്ല, പിന്നെ കൊന്നതെന്തിന്?' എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു എ.ഐ.വൈ.എഫിന്റെ പ്രതിഷേധം.
പേപിടിച്ച പോലെയാണ് പൊലീസ് നടപടിയെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. വിചാരണ കൂടാതെ വെടിവെച്ച് കൊല്ലുന്ന കാടത്തത്തിനെതിരെ പ്രതിഷേധമുയര്‍ത്തും. ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചാല്‍ അത് ശരിയല്ലെന്ന് പറയാന്‍ മടിയില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെയും പൊലീസ് നയങ്ങള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഒരുക്കാനാണ് എ.ഐ.വൈ.എഫിന്റെ തീരുമാനം. മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് രണ്ടു പേരെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
ആശയപ്രചരണത്തെ വെടിയുണ്ട കൊണ്ടും യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍ കൊണ്ടും നേരിടുന്ന നടപടി എല്‍.ഡി.എഫ് സര്‍ക്കാരിന് ഭൂഷണമല്ല. യു.എ.പി.എ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടു വന്നിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം.അതേ നിയമം ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ , ആശയപ്രചരണം നടത്തിയതിന്റെ പേരില്‍ പ്രയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പോലീസിനെ കയറൂരിവിട്ടാല്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് കോട്ടം ഉണ്ടാകുന്നതെന്നും അതിനിടയാകാതിരിക്കുവാന്‍ പോലീസിനു മേല്‍ കര്‍ശന നിയന്ത്രണമുണ്ടാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരല്ല, പോലീസ് വെടിവെപ്പ് ഇടതുപക്ഷ സര്‍ക്കാറിന് അപമാനമാണ്. തിരുത്തപ്പെടേണ്ടവര്‍ മാത്രമാണ് മാവോയിസ്റ്റുകളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി.ഗവാസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊന്നതില്‍ ദുരൂഹതയുണ്ട്. അതിനാല്‍ സമഗ്ര അന്വേഷണം നടത്തണം. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റുമുട്ടലിലൂടെ പരിഹരിക്കാവുന്നവയല്ല. അതിന് രാഷ്ട്രീയമായ തീരുമാനങ്ങളാണ് വേണ്ടത്. മാവോയിസ്റ്റുകളുടെ ശൈലിയോട് ഒരു യോജിപ്പുമില്ല. അവരുയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങള്‍ അവഗണിക്കാനാകില്ല. ഏറ്റുമുട്ടല്‍ സംബന്ധിച്ച ദുരുഹത നീക്കണം. വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
കീഴടങ്ങാനെത്തിയവരെയാണ് കൊലപ്പെടുത്തിയതെന്ന വാദവും ഉണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പൊലീസല്ല മറുപടി പറയണ്ടത്. ഇടതു പക്ഷത്തിന്റെ പൊതുനിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനെ അനുവദിക്കരുത്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തില്‍ തിളങ്ങി നിന്ന പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രധാന കഘകക്ഷിയായ സി.പി.ഐയും പ്രതിപക്ഷവും. ഏറ്റുമുട്ടല്‍ നടത്തി 40 കോടിയുടെ കേന്ദ്രഫണ്ട് തരപ്പെടുത്താനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാരണം ആ ഫണ്ടിന് ഓഡിറ്റില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അതിനാണ് പൊതുസമൂഹം കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























