പിഎസ്സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്സി
പിഎസ്സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്‍റെ ഭാഗമായിട്ടാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയത്. ഇതിനെ ചോദ്യം ചെയ്താണ് പിഎസ്‍സി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യാൻ അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം കത്ത് നൽകാനിരിക്കെയാണ് പിഎസ്‍സിയുടെ നീക്കം.
ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‍സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ്‍സി നിലപാടെടുത്തിരുന്നു. നിയമസഭാ പെറ്റീഷൻ സമിതി വിളിച്ചപ്പോൾ കമ്മീഷൻ സെക്രട്ടറി പോകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‍സിയുടെ പ്രതിരോധം. എന്നാൽ ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷ ഇല്ലെന്ന് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
പിഎസ്‍സി നിലപാടിന് പിന്നാലെ ആണ് വിശദമായ നിയമപരിശോധനയ്ക്ക് ശേഷം മറുപടി നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ മൊഴിയെടുക്കാൻ പിഎസ്‍സിയിലേക്ക് പോകേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. പിഎസ്സി അംഗങ്ങൾ ക്രൈംബ്രാഞ്ച് പറയുന്നിടത്ത് എത്തണമെന്നും ക്രിമിനൽ അന്വേഷണത്തിൽ പിഎസ്‍സിക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha


























