മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒഡീഷ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; ജെന്‍ഡര്‍ പാര്‍ക്കുമായി സ്‌കില്‍ മേഖലയില്‍ സഹകരിക്കും

ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച്ച നടത്തി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ (ക്യാബിനറ്റ് റാങ്ക്) സുബ്രദോ ബഗ്ചിയുമായി മന്ത്രി കഴിഞ്ഞ ദിവസം ജെന്‍ഡര്‍ പാര്‍ക്കിനെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ ഈ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒഡീഷ മുഖ്യമന്ത്രി അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാന്‍ ഒഡീഷ സര്‍ക്കാരിന് താത്പര്യമുണ്ടെന്ന് നവീന്‍ പട്‌നായിക് അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സ്‌കില്‍ മേഖലയില്‍ ജെന്‍ഡര്‍പാര്‍ക്കിന് എല്ലാ സഹായങ്ങളും നവീന്‍ പട്‌നായിക് വാഗ്ദാനം ചെയ്തു.
കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങളെ ഒഡീഷ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ സൂചികയില്‍ ഒന്നാമതുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി. രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നിപ പ്രതിരോധം. നിപ പ്രതിരോധത്തില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിക്ക് മുഖ്യമന്ത്രി ഉപഹാരവും നല്‍കി.
ഒഡീഷയിലെ ധനകാര്യം, ആരോഗ്യം, വനിത ശിശുവികസം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരുമായും മന്ത്രി ചര്‍ച്ച നടത്തി. ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സുബ്രദോ ബഗ്ചി, ഒഡീഷ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ആര്‍. ബാലകൃഷ്ണന്‍, സംസ്ഥാന ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ. ഡോ. പി.ടി.എം. സുനീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























