സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം, പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമാകും.പ്രതിനിധി സമ്മേളനം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകുന്നേരം തന്നെ കൊടിമര പതാക ജാഥകള്‍ സമ്മേളന നഗരിയിലെത്തി. ജാഥകളെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചു. സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ പതാക ഉയര്‍ത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന അംഗവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പിണറായി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സിപി ഐക്കെതിരെയും ഇടതു മുന്നണിയിലെ ചില ഘടക കക്ഷികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണുള്ളത്. എന്നാല്‍ ഇടതുമുന്നണിക്ക് ദൗര്‍ബല്യങ്ങളുള്ളതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്നണിയുടെ പ്രവര്‍ത്തനം സ്വയംവിമര്‍ശനപരമായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തിയേ തീരൂ എന്നു റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. എന്നാല്‍, ഏതെങ്കിലും കക്ഷിയെ ഉള്‍പ്പെടുത്തിക്കൊണ്ട് അതിനു ശ്രമിക്കണമെന്ന അഭിപ്രായം റിപ്പോര്‍ട്ടിലില്ല. മുന്നണി വിട്ടുപോയ ആര്‍എസ്പി, ജനതാദള്‍ (യു) എന്നിവരെ മടക്കിക്കൊണ്ടുവരാന്‍ നോക്കുമെന്ന സൂചനയുമില്ല. മുന്നണിയിലെ നിലവിലുള്ള കക്ഷികളെക്കുറിച്ചാവട്ടെ റിപ്പോര്‍ട്ടില്‍ മതിപ്പു പ്രകടിപ്പിക്കുന്നുമില്ല.
സിപിഐയ്‌ക്കെതിരെ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്. നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കക്ഷിയാണു സിപിഐ. എന്നാല്‍, അവര്‍ സിപിഎമ്മിനെതിരെ കിട്ടാവുന്ന ഏത് അവസരവും ഉപയോഗിക്കുന്നു. അങ്ങനെ ബഹുജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു. സമരങ്ങളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ തള്ളിക്കളയുന്നു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ വിശദമായ കുറ്റാരോപണം തന്നെ ഇടംപിടിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെയും പരാമര്‍ശമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നു നിയമസഭാംഗത്വം രാജിവയ്ക്കുമെന്നു കടുംപിടിത്തം പിടിച്ചതിനാണു ബേബി വിമര്‍ശനവിധേയനാകുന്നത്.
സോളാര്‍ സമരം രാഷ്ട്രീയസമരമായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടു സമരത്തിനിറങ്ങിയത് അതു സംഭവിക്കുമെന്നു മുന്നില്‍ കണ്ടല്ല. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്നു നിയമസഭാംഗത്വം ഒഴിയുമെന്ന നിലപാടു സ്വീകരിച്ചുകൊണ്ട് എം.എ. ബേബി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന ഘടകത്തിലെ സഖാവില്‍നിന്നു പ്രതീക്ഷിച്ച നടപടിയായിരുന്നില്ല ഇത്.
റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഏര്‍പ്പെടുന്നവര്‍ക്കു പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പു റിപ്പോര്‍ട്ട് നല്‍കുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തൊട്ടു താഴോട്ടുള്ള ഘടകങ്ങളുടെ ന്യൂനതകളും എടുത്തുപറയുന്നു. പാര്‍ട്ടിയുടെ സഹസംഘടനകളില്‍ പലതിന്റെയും വൈകല്യങ്ങളും റിപ്പോര്‍ട്ടില്‍ നിരത്തുന്നു.
ബിജെപിയുടെ കടന്നുകയറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സാമുദായികസംഘടനകള്‍ വഴി കേരളത്തില്‍ വേരുകളുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരായ ചിലര്‍ അവരുടെ സ്വാധീനത്തില്‍ വീഴുന്നുണ്ട് എന്നതു ശരിയാണ്. അതു മുന്നില്‍ കണ്ടുള്ള ജാഗ്രത ഇപ്പോള്‍ പാര്‍ട്ടി പുലര്‍ത്തുന്നുണ്ട്. മുസ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീയതകള്‍ അപകടകരമായ നിലയില്‍ ശക്തിപ്പെടുന്നു എന്ന ആശങ്കയും റിപ്പോര്‍ട്ടിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























