കളക്ട്രേറ്റ് വളപ്പില്‍ വീട്ടിലെ മാലിന്യം കൊണ്ടുവന്നു തള്ളിയ സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് പിഴ

കാക്കനാട് കളക്ട്രേറ്റ് വളപ്പില്‍ വീട്ടിലെ മാലിന്യം തള്ളാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് പിഴ. രണ്ട് ചാക്ക് മാലിന്യമാണ് ഇയാള്‍
കളക്ട്രേറ്റ് വളപ്പില്‍ തള്ളിയത്. സുരക്ഷാവിഭാഗം ജീവനക്കാരന്‍ രാവിലെ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് മാലിന്യം തള്ളിയിരിക്കുന്നത് കണ്ടത്.
പതിവില്ലാതെ കളക്ട്രേറ്റ് പരിസരത്ത് രണ്ട് ചാക്ക് കണ്ടതിനാല്‍ സുരക്ഷാ ജീവനക്കാരന്‍ പരിശോധന നടത്തി.
ഒരു ചാക്കില്‍ അടുക്കള മാലിന്യവും മറ്റേ ചാക്കില്‍ പേപ്പര്‍ കഷ്ണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. പേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസും കണ്ടെത്തി. ആ ഉത്തരക്കടലാസ് ഏതു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടേതാണെന്ന് മനസ്സിലാക്കിയ സുരക്ഷാവിഭാഗം ജീവനക്കാരന്‍ സ്‌കൂളിലേക്ക് വിളിച്ച് കുട്ടിയുടെ വീട്ടുകാരുടെ വിലാസം ശേഖരിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്നും വിലാസം കിട്ടിയപ്പോള്‍ ജീവനക്കാരന്‍ ഞെട്ടി. വിലാസം കളക്ട്രേറ്റിലെ ഡ്രൈവറുടേതാണെന്ന് കണ്ടെത്തിയതോടെ തെളിവ് സഹിതം എഡിഎമ്മിന് മുന്നില്‍ ഹാജരാക്കി. ഇതോടെ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കളക്ട്രേറ്റ് പരിസരത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമേ നിന്നുള്ള മാലിന്യങ്ങള്‍ ജീവനക്കാര്‍ തള്ളിയാല്‍ പിഴയ്ക്ക് പുറമേ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























