അവസാനമായി നാട്ടിലെത്തിയത് മകന്റെ ഒന്നാം പിറന്നാളാഘോഷിക്കാൻ; കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു

കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ്.എസ് ആണ് മരിച്ചത്. സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കുപ്‌വാര ജില്ലയിലെ തങ്ധര്‍ പ്രദേശത്തും ബന്ദിപ്പോര ജില്ലയിലെ ഗുറേസ് സെക്ടറിലുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. തങ്ധറില്‍ നാലു സൈനികരാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് കണ്ടെടുത്തത്. ഗുറേസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ രണ്ടാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി.
ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഉണ്ടായ അപകടങ്ങളില്‍ ആറ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നവംബര്‍ 18ന് സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നാല് സൈനികര്‍ മരിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ പട്രോളിങ് നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും മഞ്ഞുമല ഇടിഞ്ഞുവീണുള്ള അപകടം.
സുദര്‍ശനന്‍- സതികുമാര്‍ ദമ്ബതികളുടെ മകനാണ്. ഗീതുവാണ് ഭാര്യ, ദേവനാഥാണ് മകന്‍. മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും. മലയാളി സൈനികന്‍ മരിച്ചത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കുന്നു.
അതേസമയം കേരളത്തെ ദുഖത്തിലാക്കി മറ്റൊരു വാർത്ത കൂടി പുറത്തു വരുകയാണ്. ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ കോൺസ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ്.ബി.ഉല്ലാസിനാണ് പരിക്കേറ്റത്. ആറു മാസം മുമ്പാണ് ബിജീഷ് അവസാനമായി നാട്ടിൽ വന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ഛത്തീസ്ഗഢിലെ നാരയാണ്‍പുര്‍ ജില്ലയിലെ ക്യാമ്പില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പിൽ ബിജീഷടക്കം ആറു പേരാണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ മൂന്നു പേരെ റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു. മുസ്ദുള്‍ റഹ്മാനും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇയാള്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഢ് പോലീസ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha
























