വീണ്ടും അധ്യാപകരുടെ അനാസ്ഥ.... സ്കൂളില്‍ വച്ച് കണ്ണിന് ഗുരുതര പരുക്കേറ്റ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ മണിക്കൂറുകളോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ അധ്യാപകര്‍
വയനാട്ടില്‍ പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ വൈകിപ്പിച്ച അധ്യാപകരുടെ അനാസ്ഥയ്ക്ക് പിന്നാലെയാണ് കോഴിക്കോടും സമാന സംഭവം ഉണ്ടായത്. സ്കൂളില്‍ വച്ച് കണ്ണിന് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ അധ്യാപകരുടെ അനാസ്ഥ. തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്കൂളില്‍ എത്തിയ ശേഷമാണ് കുട്ടിക്ക് ചികിത്സ ലഭ്യമാക്കാനായത്. അപ്പോഴേയ്ക്ക് മണിക്കൂറുകളോളം ചികിത്സ വൈകിയിരുന്നു. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോള്‍ ഉറപ്പുനല്‍കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എ.കെ.ടി.എം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി തന്‍വീറിന്റെ കണ്ണിനാണ് പരുക്കേറ്റത്.
സഹപാഠിയുടെ പേന കണ്ണില്‍ കൊണ്ടാണ് തന്‍വീറിന് പരുക്കേറ്റത്. സംഭവം ഒന്നര മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. മൂന്ന് മണിക്ക് സ്കൂളില്‍ എത്തിയ അമ്മയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂള്‍ അധികൃതര്‍ വിവരം അറിയിക്കാന്‍ വൈകിയില്ലായിരുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha