ഞെട്ടിത്തരിച്ച് കേന്ദ്രം... കേന്ദ്ര മന്ത്രിയെ ന്യൂനപക്ഷക്കാരുടെ വീട്ടില്‍ ഇറക്കി അവരെക്കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്ല വര്‍ത്തമാനം പറയിക്കാമെന്ന് കരുതിയ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് തെറ്റി; പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ തുറന്നടിച്ച് ജോര്‍ജ് ഓണക്കൂറും ബിഷപ്പ് സൂസംപാക്യവും

ബിജെപി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്തതാണ് ഗൃഹസമ്പര്‍ക്ക പരിപാടി. അതായത് പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വീടുകള്‍ തോറും കയറിയിറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ സാധാരണ വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ സംസ്ഥാന നേതാക്കള്‍ ഒരുപടികൂടി കടന്ന് ഞെട്ടിപ്പിക്കാനാണ് നോക്കിയത്. അതായത് ന്യൂനപക്ഷക്കാരായ പ്രമുഖരുടെ വീട്ടിലെത്തി നല്ല അഭിപ്രായം പറയിപ്പിക്കുക. അതിന് കണ്ടെത്തിയത് ബിജെപി വേദികളില്‍ സ്ഥിരം സാന്നിധ്യമായ ജോര്‍ജ് ഓണക്കൂറിനേയും. ഇക്കാര്യം ബിജെപി നേതാക്കള്‍ പറഞ്ഞതോടെ വീട്ടില്‍ വെറുതേയിരിക്കുന്ന ജോര്‍ജ് ഓണക്കൂറിനും സന്തോഷമായി. കേന്ദ്രമന്ത്രി വീട്ടില്‍ വരികയെന്നു വച്ചാല്‍. വെറുതേ ഫ്രീ പബ്ലിസിറ്റിയുമാകും. കുറേനാളായി ചാനലുകളിലൂടെ വന്നിട്ടും.
ജോര്‍ജ് ഓണക്കൂര്‍ സമ്മതിച്ചതോടെ സംസ്ഥാനം കേന്ദ്രത്തേയും അറിയിച്ചു. അവര്‍ക്കാണെങ്കില്‍ നൂറ് സമ്മതവും. അങ്ങനെയാണ് ഉദ്ഘാടന പരിപാടിയായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയത്. കേരളത്തിലെ സകല മാധ്യമക്കാരേയും ബിജെപിക്കാര്‍ ഓണക്കൂറിന്റെ വീട്ടിലെത്തിച്ചു. വലിയ സാഹിത്യകാരനാണെങ്കിലും പൊതുവേദിയില്‍ നാലു വര്‍ത്തമാനം പറയുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. പല വേദികളില്‍ നിന്നും പിണങ്ങിപ്പോയെന്ന പേരുദോഷമുള്ള ആളുമാണ്. അങ്ങനെയുള്ള മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ ഓണക്കൂര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷമായി. എല്ലാം ശുഭപര്യവസാനിക്കുമെന്ന് കരുതിയപ്പോഴാണ് ജോര്‍ജ് ഓണക്കൂര്‍ തനി സ്വരൂപം എടുത്തത്.
വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ജോര്‍ജ്ജ് ഓണക്കൂര്‍ പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് ശക്തമായി അവതരിപ്പിച്ചു. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. പലപ്പോഴും ഉത്തരം മുട്ടുന്ന കേന്ദ്രമന്ത്രിയെ ഒരുതരത്തിലാണ് അവിടന്ന് രക്ഷിച്ചെടുത്തത്.
ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്നാണ് വിലയിരുത്തുന്നത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷംവായടക്കാതെ, തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ മാധ്യങ്ങളോട് പറഞ്ഞു. ഇതോടെ കേന്ദ്രമന്ത്രിയും ബിജെപിയും ഫ്‌ളാറ്റ്.
അതേസമയം പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനോട് ആശങ്ക അറിയിച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യവും രംഗത്തെത്തി. നിയമ ഭേദഗതി സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ബിഷപ്പ് ഹൗസില്‍ എത്തിയപ്പോഴാണ് കിരണ്‍ റിജ്ജുവിനോട് സൂസൈപാക്യം ആശങ്ക അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് കേന്ദ്രമന്ത്രിയോട് ബിഷപ്പ് ആവശ്യപ്പെട്ടു.
അതേസമയം മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും കിരണ്‍ റിജ്ജു മറുപടി നല്‍കി.
പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലീം അസോസിയേഷനുകളും കേന്ദ്ര മന്ത്രിയോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി കേരളത്തില്‍ എത്തിയത്.
എന്തായാലും ബിജെപിയുടെ സംസ്ഥാന ഗൃഹ സന്ദര്‍ശന പരിപാടി തുടക്കത്തില്‍ തന്നെ കുളമായി. വരും നാളുകളില്‍ കേരളത്തിലെ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ കിട്ടുന്ന കയ്പ്പിന്റെ തുടക്കമാവല്ലേ എന്നാണ് പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha























