ഉമ്മൻചാണ്ടിയുടെ ഗൺമാനും കൂട്ടുപ്രതിയും കീഴടങ്ങണം ; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതിക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതിക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. നാലാം പ്രതിയായ റുഖിയാ ബീവിയെ മാർച്ച് 11 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്. വാറണ്ടുത്തരവ് ഉടൻ നടപ്പിലാക്കാൻ ജഡ്ജി കെ. സനിൽകുമാർ സിബിഐയോട് ഉത്തരവിട്ടു. മാർച്ച് 11ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് കോടതി അന്ത്യശാസനം നൽകി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് സി ബി ഐ കുറ്റപത്രം സമർപ്പിച്ച രണ്ടു കേസുകളിൽ പ്രതിയാണ്. ഉമ്മൻ ചാണ്ടിയുടെ യു ഡി എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് സലിംരാജിനോട് മൃദുസമീപനം കാണിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൂളിംഗ് ഗ്ലാസ്സ് ധരിച്ച് പുഞ്ചിരി തൂകി വിജിലൻസ് ഓഫീസിലേക്കെത്തിയ സലിം രാജിന്റെ ദൃശ്യങ്ങൾ ദ്യശ്യ മാധ്യമങ്ങളിൽ ലൈവായി കാട്ടിയിരുന്നു. വിജിലൻസിന്റെ ചോദ്യം ചെയ്യൽ ഈ രീതിയിലാണെങ്കിൽ പ്രതി ചെയ്ത കുറ്റകൃത്യങ്ങൾ എങ്ങനെ വെളിവാകുമെന്നും സംസ്ഥാനത്ത് എങ്ങനെ നീതി നടപ്പിലാകുമെന്നും ചോദിച്ചാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും സംസ്ഥാന വിജിലൻസ് പോലീസിനെയും രൂക്ഷമായി വിമർശിച്ചത്. തുടർന്നാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.
കടകംപള്ളി മുൻ വില്ലേജ് ഓഫീസർ എ. നിസാർ അഹമ്മദ് , തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ ചിറക്കുളം റോഡൽ തുഷാര ഹൗസിൽ സുഹറാബീവി , ഇടവ മാന്തറ തെക്കേവിള വീട്ടിൽ മുഹമ്മദ് കാസിം , ഇടവ മാന്തറ ലില്ലിഗ മൻസിലിൽ റുഖിയാ ബീവി , പള്ളിച്ചൽ വില്ലേജിൽ പുന്നമൂട് രോഹിണി വീട്ടിൽ താമസക്കാരനായ മുൻ കടകമ്പള്ളി വില്ലേജാഫീസറും നിലവിൽ ഡെപ്യൂട്ടി തഹസിൽദാറുമായ വിദ്യോദയകുമാർ എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതിസ്ഥാനത്ത് ചേർത്ത് 2015 നവംബർ 30 നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ആദ്യ രണ്ട് പ്രതികൾ മരണപ്പെട്ടു. മുഹമ്മദ് കാസിം , റുഖിയാ ബീവി , വിദ്യോദയകുമാർ എന്നിവരെ വിചാരണ ചെയ്യുന്നതിനാണ് ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.
വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് നിലവിലുള്ള മൂന്നു പ്രതികളും നേരിട്ട് ഹാജരാകാൻ 2019 ഒക്ടോബർ 23 ന് ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വീണ്ടും പ്രതികൾ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി പ്രതികളെ രൂക്ഷമായി വിമർശിച്ചു.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥ - ഭൂമാഫിയ സംഘമടങ്ങുന്ന 15 പേരെ പ്രതി ചേർത്ത് 7 കേസുകളിലായി വിഭജിച്ച കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചത്. 5 കേസുകളിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിലും 2 കേസുകളിൽ സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരം ഒരു വർഷത്തിൽ നടന്ന ഒരു പോലെയുള്ള 3 കുറ്റകൃത്യങ്ങൾക്ക് ഒരു കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. അപ്രകാരം ഓരോ വർഷത്തിലും നടന്ന മൂന്ന് കുറ്റകൃത്യങ്ങൾക്ക് വീതം പ്രത്യേക കുറ്റപത്രങ്ങൾ സമർപ്പിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് സിബിഐ വിഭജിച്ച 7 കുറ്റപത്രങ്ങൾ സമർപ്പിച്ചത്.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി യഥാർത്ഥ ഉടമകൾ അറിയാതെ വ്യാജ വിലയാധാരങ്ങൾ ചമച്ച് വ്യാജ പോക്ക് വരവ് ചെയ്ത് അവരുടെ വസ്തുവകകൾ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരാൾ മറ്റൊരാൾക്ക് ഭൂമി കൈമാറുമ്പോഴും മരണപ്പെടുമ്പോഴും ഭൂമി വാങ്ങുന്നയാൾ , അവകാശികൾ എന്നിവർ പുതിയ തണ്ടപ്പേരിൽ കരം തീർക്കുന്നു. അപ്പോൾ വില്ലേജ് ഓഫീസിലെ തണ്ടപ്പേർ കണക്ക് ബുക്കിൽ പഴയ തണ്ടപ്പേർ ശൂന്യമായി കിടക്കും. ഈ ശൂന്യ തണ്ടപ്പേരിൽ വില്ലേജ് - റവന്യൂ അധികാരികളുടെ പങ്കാളിത്തത്തോടെ വ്യാജ പ്രമാണങ്ങളുണ്ടാക്കി പോക്കുവരവ് ഫയൽ തയ്യാറാക്കി താലൂക്ക് ഓഫീസ് , വില്ലേജ് ഓഫീസ് റെക്കോർഡുകളിൽ കൃത്രിമം കാട്ടിയാണ് സലിം രാജുൾപ്പെട്ട ഭൂമാഫിയ വ്യാജപോക്കുവരവ് ചെയ്ത് വസ്തുക്കൾ തട്ടിയെടുത്തത്. വില്ലേജാഫീസിലെ തണ്ടപ്പേർ അക്കൗണ്ട് രജിസ്റ്റർ , അടിസ്ഥാന ഭൂനികുതി രജിസ്റ്റർ , കരം തീരുവ രസീത് ബുക്ക് , പോക്കുവരവ് ഫയൽ , പോക്കുവരവ് രജിസ്റ്റർ എന്നിവയിലാണ് വ്യാജരേഖകൾ ചമച്ചത്.
ക്രൈംബ്രാഞ്ച് , വിജിലൻസ് അന്വേഷണങ്ങൾ തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. 1860 ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (കുറ്റകരമായ ഗൂഢാലോചന) , 420 (വഞ്ചന) , 423 ( നേരുകേടായും വഞ്ചനാപൂർവ്വകമായും പ്രതിഫലത്തെപ്പറ്റി വ്യാജമായ പ്രസ്താവന അടങ്ങിയ കൈമാറ്റ ക്കരണം ഒപ്പിട്ടു പൂർത്തീകരിക്കൽ) , 465 (വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 47 l (വ്യാജ നിർമ്മിതരേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങളും 1988 ൽ നിലവിൽ വന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (2) , 13 (1) (ഡി) ( പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളുമായി ഗൂഢാലോചന നടത്തി മൂന്നാം കക്ഷിക്ക് അവിഹിതമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങളും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha























