ദിലീപ് കോടതിയില്‍ ഹാജരായി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28 മുതല്‍ വിചാരണ ആരംഭിക്കും; ദിലീപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്കി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28 മുതല്‍ വിചാരണ ആരംഭിക്കും. തിങ്കളാഴ്ചയാണു പ്രത്യേക കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇക്കാര്യം അറിയിച്ചത്. ദിലീപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് തിങ്കളാഴ്ച കോടതി കുറ്റപത്രം നല്കി.
പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും അവര്‍ക്കു മേല്‍ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ച നടക്കുന്നത്. പ്രതികള്‍ കുറ്റം നിഷേധിച്ചാല്‍ വിചാരണ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
ദിലീപടക്കമുള്ള പ്രതികള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാവണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം ഹാജരാകാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗുഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശൃങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണന്നാണു പോലീസിന്റെ ആരോപണം.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപും പത്താം പ്രതി വിഷ്ണുവും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ കോടതി ശനിയാഴ്ച തള്ളിയിരുന്നു. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ദിലീപിന്റെ തീരുമാനം. എന്നാല്‍, വിചാരണ കോടതിയിലെ നടപടികള്‍ തുടരും.
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്. വിചാരണക്കാവശ്യമായ ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. ഇരയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വാദം കേട്ടത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം ദൃശ്യങ്ങള്‍ കോടതിക്ക് നല്‍കിയത് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ്. അതിലും ദുരൂഹതയുണ്ടെന്നാണ് ദിലീപിന്റെ ആക്ഷേപം. പ്രതിയുടെ അഭിഭാഷകന്‍ തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഹാജരാക്കിയെങ്കിലും അത് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നല്‍കിയില്ല. അത് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞതുമില്ല. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് നാടകീയമായി പിടികൂടിയത്. അത് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രണ്ടാംതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 84 ദിവസം ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. നാല് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. അഞ്ചാം തവണയാണ് ജാമ്യം കിട്ടിയത്. കോടതി അനുമതിയില്ലാതെ വിദേശത്ത് പോകാന്‍ പോലും ദിലീപിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha























