ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്നെത്തിയ ഗുണ്ടകളടക്കം നടത്തിയ ആക്രമണത്തിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട് ഞെട്ടിപ്പോയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പിന്തുണച്ചും ആക്രമികള്‍ക്കെതിരെയും നിലപാട് സ്വീകരിച്ച് താരം ഫെയിസ്ബുക്ക് പോസ്റ്റിട്ടത്

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്നെത്തിയ ഗുണ്ടകളടക്കം നടത്തിയ ആക്രമണത്തിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട് ഞെട്ടിപ്പോയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പിന്തുണച്ചും ആക്രമികള്‍ക്കെതിരെയും നിലപാട് സ്വീകരിച്ച് താരം ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. അതില്‍ പറയുന്നതിങ്ങനെ... ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു. എന്ന് പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നെ പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല എന്ന് പറയുന്നതിലൂടെ ബി.ജെ.പി, സംഘപരിവാര്‍ ശക്തികളെ പരസ്യമായി തള്ളിപ്പറയുകയാണ് മഞ്ജുവാര്യര്‍ ചെയ്തിരിക്കുന്നത്. എന്തായാലും താമസിക്കാതെ ഇത് വലിയ വിവാദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാള സിനിമയില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ പരസ്യമായി രംഗത്ത് വരുന്നത് നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. പൃഥ്വിരാജിനും പാര്‍വതി തിരുവോത്തിനുമെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. മഞ്ജുവാര്യര്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ എ.ബി.വി.പിക്കാര്‍ അവരുടെ വാളില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. തൃശൂര്‍ കേരളവര്‍മ കോളജില്‍ പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി സെമിനാര്‍ സംഘടിപ്പിക്കാന്‍ തയ്യാറായ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. മഞ്ജുവാര്യരുടെ നാടായ തൃശൂരില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടും പ്രതികരിക്കാത്തത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് വിനൂപ് ചേലക്കര എന്ന യുവാവ് രംഗത്തെത്തി.
പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ പൊലീസ് പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തിയതിനെതിരെ പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ടൊവീനോ, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പക്ഷെ, അന്നൊന്നും മഞ്ജുവാര്യര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ വാളും കമ്പിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത് കണ്ട് സഹിക്കാനാകാതെയാണ് പോസ്റ്റ് ഇടേണ്ടിവന്നത്. മുമ്പ് വനിതാ മതിലിന് പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടശേഷം താരം പിന്‍വലിച്ചിരുന്നു. അതോടെ സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും മഞ്ജുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചിരുന്നു. ഇത്തവണയും സ്ഥിതി മറ്റൊന്നാകാതിരിക്കാന്‍ സാധ്യതയില്ല.
https://www.facebook.com/Malayalivartha























