ആ വേദന മറക്കില്ല... മലയാള സിനിമയിലെ വഴക്ക് ഒരിക്കല്‍ കൂടി സജീവം; മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞതായി വിനയന്‍; അതിന്റെ തുടര്‍ച്ചയാണ് താന്‍ നേരിട്ട വിലക്ക്; ദിലീപിനെതിരെ ആഞ്ഞടിച്ച് വിനയന്‍

സിനിമാ ടെക്‌നീഷ്യന്‍മാരുടെ സംഘടനയായ മാക്ടയില്‍ ഉണ്ടായ തര്‍ക്കം ഒരു കാലത്ത് മലയാള സിനിമയെ കാര്യമായി ബാധിച്ചിരുന്നു. അന്ന് വിനയനെ ഒറ്റപ്പെടുത്തി മാക്ട പിളര്‍ത്തി ഫെഫ്ക എന്ന സംഘടന ഉണ്ടാക്കുക പോലും ചെയ്തു. ആ തര്‍ക്കങ്ങള്‍ തുറന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. പ്രേംനസീര്‍ സാംസ്‌കാരിക സമിതിയുടെ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവേയാണ് വിനയന്‍ ആഞ്ഞടിച്ചത്.
പത്ത് വര്‍ഷം മലയാള സിനിമയില്‍ നിന്നും താന്‍ പുറത്താകാന്‍ കാരണം ദിലീപ് ആണെന്ന് വിനയന്‍ പരയുന്നത്. മാക്ടയുടെ നേതൃനിരയില്‍ താന്‍ ഉണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാതിരുന്നപ്പോള്‍ അത് ശരിയല്ലെന്ന് താന്‍ കര്‍ശനമായി പറഞ്ഞു. അന്ന് മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞുവെന്നും അതിന്റെ തുടര്‍ച്ചയായിരുന്നു താന്‍ നേരിട്ട വിലക്കെന്നും വിനയന്‍ പറഞ്ഞു.
പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുക. അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍.
മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ നസീറിനു പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയന്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാള്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.
അതേസമയം നടിയെ അക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി ഫയല്‍ ചെയ്തത്. ദൃശ്യങ്ങളുടെ പരിശോധന ഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.
വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണം എന്നു സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. പരിശോധന ഫലം വരുന്നതിനു മുന്‍പ് വിചാരണ നടപടികള്‍ നടത്തുന്നതു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാകും അതെന്നും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അടുത്ത വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കേസ് പരിഗണിക്കും. നടിയെ ആക്രമിച്ചതിന് തെളിവെന്ന രീതിയില്‍ കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിക്കാന്‍ കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























