കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ഞെട്ടൽ മാറാതെ വീട്ടുകാർ ; സംഭവം കോട്ടയത്ത് ; 2 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന വാർത്തകൾ നിരന്തരം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. നിമിഷാർദ്ധം കൊണ്ട് കൺമുന്നിൽ നിന്നും പോലും കാണാതാകുന്ന കുഞ്ഞുങ്ങളും കുറവല്ല. നാടോടികളായ സംഘങ്ങളെ അതുകൊണ്ടുതന്നെ സംശയ ദൃഷ്ടിയോടെ മാത്രമേ നമുക്കു എപ്പോഴും നോക്കിക്കാണാനും സാധിക്കാറുള്ളു. എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പലപ്പോഴും കേൾക്കുന്നത് കുഞ്ഞുങ്ങളെ കാണാതായ വാർത്തകൾ.
ഇപ്പോഴിതാ കോട്ടയത്ത് നിന്നും രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടി കൊണ്ടുപോകാൻ നാടോടി സ്ത്രീ എന്ന് സംശയിക്കുന്ന ഒരാൾ ശ്രമിച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നു. കുഞ്ഞിന്റെ അമ്മയുടെ കരുതൽ കൊണ്ട് മാത്രമാണ് ആ കുടുംബത്തിന് കുട്ടിയെ നഷ്ടപെടാതിരുന്നത്.
കോട്ടയത്താണ് നാടിനെ നടുക്കിയ സംഭവം. കെ എസ് പുരം അലരികുന്നശ്ശേരിൽ കോട്ടയം കടുത്തുരുത്തിയിലാണ് വീടിനുള്ളിൽ തൊട്ടിലിൽ കിടന്നകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത് . നാടോടി സ്ത്രീയെ കണ്ട് അമ്മ നിലവിളിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരിൽ ഷിബുനിമ്മി ദമ്പതികളുടെ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
വീട്ടിലെ ഹാളിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഭർത്താവ് ഷിബുവും അമ്മയും മൂത്ത കുഞ്ഞും കൂടി പള്ളിയിലേക്കും പോയ സമയത്താണ് നാടോടി സ്ത്രീ എത്തിയത്. . വീടിന്റെ തുറന്നുകിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികിൽ എത്തി.
പുറത്ത് നിന്ന നിമ്മി അടിക്കടി ജനലിലൂടെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷയായത്. ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു എന്ന് നിമ്മി പറയുന്നു.സംഭവത്തെ കുറിച്ച നിമ്മി വിവരിക്കുന്നത് ഇങ്ങനെ; ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയി. അപ്പച്ചൻ തിണ്ണയിലിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി ഞാൻ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയിൽ അപ്പച്ചൻ കിടക്കാൻ മുറിക്കുള്ളിലേക്കു പോയി.
മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. ജനൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാൻ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഞാൻ അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവർ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടൻ തന്നെ ഞാൻ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നത്. കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്.എന്നും നിമ്മി പറയുന്നു.
നാടോടി സ്ത്രീയെ കണ്ട് നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടി. പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.
ഇത്തരം വാർത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോൾ പേടിച്ചുപോയിഎന്നാണ് ഞെട്ടലോടെ നിമ്മി പറയുന്നത്.
https://www.facebook.com/Malayalivartha


























