ഞെട്ടിപ്പിച്ച് പ്രത്യേക മന്ത്രിസഭാ യോഗം... തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മറു ചോദ്യവുമായി ഗവര്‍ണര്‍ തിരിച്ചയച്ചതോടെ മറ്റ് വഴി തേടി സര്‍ക്കാര്‍; തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി; ഭൂരിപക്ഷമുള്ള നിയമസഭയില്‍ ഈസിയായി പാസാക്കിയെടുക്കാന്‍ സാധിക്കും

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഗവര്‍ണറെ കടത്തി വെട്ടി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാവിലെ ഒന്‍പതിനാണ് യോഗം ചേര്‍ന്നത്. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന അംഗീകാരം നല്‍കാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനുമായാണ് യോഗം ചേര്‍ന്നത്.
30ന് ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി ഏഴിന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുക.
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബില്‍ കൊണ്ടുവരുന്നത്. ബില്‍ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയില്‍ അവതരിപ്പിക്കും മുന്‍പ് ഗവര്‍ണര്‍ക്ക് റഫര്‍ ചെയ്ത് അറിയിക്കും.
ഈ ഘട്ടത്തില്‍ ഗവര്‍ണര്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം സഭ പാസാക്കിയ ശേഷം അന്തിമ അംഗീകാരത്തിനായി അയക്കുമ്പോള്‍ ഗവര്‍ണറുടെ ഇടപെടലില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിലോ അതിനെ മറികടക്കാനുള്ള നിയമത്തിലോ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവയ്ക്കാതിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലാകും. നിലവിലെ വാര്‍ഡുകള്‍ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തുകയല്ലാതെ സര്‍ക്കാരിനു മറ്റു വഴിയുണ്ടാകില്ല.
സെന്‍സസ് ആരംഭിക്കുന്നതിനാല്‍ 2019 ഡിസംബര്‍ 31 മുതല്‍ പ്രദേശികതലത്തില്‍ വാര്‍ഡ് ഉള്‍പ്പെടെ ഘടകങ്ങളില്‍ മാറ്റം വരുത്തരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 1948ലെ സെന്‍സസ് നിയമത്തിലെ വ്യവസ്ഥ പ്രകാരമാണിത്. കേന്ദ്രനിയമം ലംഘിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇതിനെ മറികടക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചു. അധിക സാമ്പത്തിക ബാധ്യത വരാത്ത ബില്‍ അവതരണത്തിനു ഗവര്‍ണറുടെ അനുമതി നിര്‍ബന്ധമില്ലെങ്കിലും അതു നിയമസഭ പാസാക്കിയ ശേഷം ഗവര്‍ണര്‍ ഒപ്പുവച്ചാലേ പ്രാബല്യത്തില്‍ വരൂ.
ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ച് ഓര്‍ഡിനന്‍സ്, നിയമസഭ പാസാക്കിയ ബില്‍ എന്നിവ അംഗീകാരത്തിനായി ലഭിച്ചാല്‍ ഗവര്‍ണര്‍ക്കു 4 കാര്യങ്ങള്‍ ചെയ്യാം: ഒപ്പുവയ്ക്കാം, സംശയമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോടു വിശദീകരണം തേടാം, ഒപ്പുവയ്ക്കാനാകില്ലെന്നു പറഞ്ഞു സര്‍ക്കാരിനു മടക്കി നല്‍കാം, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. വിയോജിപ്പു രേഖപ്പെടുത്തി തിരിച്ചയച്ചാല്‍ അനുഛേദം 201 അനുസരിച്ചു വീണ്ടും മന്ത്രിസഭയില്‍ പാസാക്കി ഗവര്‍ണര്‍ക്കു തന്നെ തിരിച്ചയയ്ക്കാം. ഇങ്ങനെ വരുന്ന ഓര്‍ഡിനന്‍സിലോ ബില്ലിലോ 6 മാസത്തിനകം ഗവര്‍ണര്‍ ഒപ്പുവയ്ക്കണം. ഒപ്പു വയ്ക്കാതിരുന്നാല്‍ പക്ഷേ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.
കെ.ആര്‍.ഗൗരിയമ്മ മന്ത്രിയായിരിക്കെ 1990ലാണ് നിയമസഭ സംസ്ഥാന വനിത കമ്മിഷന്‍ ബില്‍ പാസാക്കുന്നത്. ഗവര്‍ണര്‍ അതില്‍ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിയുടെ അഭിപ്രായത്തിനു വിട്ടു. 1995 സെപ്റ്റംബര്‍ 15നാണ് ആ ബില്‍ അംഗീകരിച്ചു വന്നത്. കമ്മിഷന്റെ പ്രവര്‍ത്തനം തുടങ്ങിയതാകട്ടെ '96 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴും. 2014ല്‍ യുഡിഎഫ് ഭരണകാലത്തു നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ 2017 ലാണു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ മടക്കി അയയ്ക്കുന്നത്. നിയമസഭയുടെ കണക്കനുസരിച്ചു ഗവര്‍ണര്‍ക്ക് അയച്ച 3 ബില്ലുകള്‍ ഇനിയും മടങ്ങിവരാനുണ്ട്.
https://www.facebook.com/Malayalivartha


























