കേരളത്തിന് അഭിമാനമായി വീണ്ടുമൊരു ട്രാൻസ്‌ജെൻഡർ വിവാഹം; വിവാഹിതയായത് സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമ പ്രവർത്തക..കേരളം സാക്ഷിയായത് വീണ്ടുമൊരു ചരിത്ര നിമിഷത്തിന്

കേരളം വീണ്ടുമൊരു ചരിത്ര നിമിഷത്തിനു സാക്ഷിയായിരിക്കുന്നു . കേരളത്തിലെ നാലാമത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണ് ഇന്ന് നടന്നത്. റിപ്പബ്ലിക് ദിനമായ ഇന്ന് സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയയെ ട്രാൻസ്‌മാനായ അഥര്‍വ് താലി ചാര്‍ത്തി തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി നോക്കുകയാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു കേരളത്തിന് അഭിമാനമായ ചരിത്ര വിവാഹം നടന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥർവ് ഹെയ്‌ദിയുടെ വീട്ടിലെത്തുന്നത്. വീട്ടിൽ വന്ന് പെണ്ണ് കണ്ടതിന് ശേഷം ഇരുവരുടെയും വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമാണ് തങ്ങൾ പ്രണയിക്കാൻ തുടങ്ങിയതെന്ന് ഹെയ്‌ദി വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ രഞ്ജു രഞ്ജിമറുടെ വളർത്തു മകളാണ് ഹെയ്ദി സാദിയ. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് ഹെയ്‌ദിയെ താലിചാർത്തിയ അഥര്‍വ്. കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുക്കാനും ആശംസകൾ നേരാനും എത്തിയത്. വിവാഹ തലേന്ന് ആലുവയിലെ വീട്ടിൽവച്ച് ഹൽദി ആഘോഷവുമുണ്ടായിരുന്നു . കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ വിവാഹം കൂടിയാണിത്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് ഇരുവരുടെയും വിവാഹം നടത്തിയത്.
https://www.facebook.com/Malayalivartha


























