'നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍; ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നിന്നവർ; നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു'; ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് കവിത വാര്യര്‍

അവിനാശിയില്‍ ഉണ്ടായ വാഹനാപകടം ഞെട്ടലോടെയാണ് ഏവരും കേട്ടത്. എതിരെ വന്ന വാഹനത്തിന്റെ ചെറിയൊരു അശ്രദ്ധയിൽ ജീവൻ പൊഴിക്കേണ്ടി വന്നത് 19 പേർക്കാണ്. ഈ അവസരത്തിൽ മരിച്ച കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ ടിഡി ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അര്‍പ്പിച്ച് ഡോ.കവിതാ വാര്യര്‍.
2018ല്‍ എറണാകുളം-ബംഗളൂര് യാത്രക്കിടയില്‍ കവിതയുടെ ജീവന്‍ രക്ഷിച്ച ഗിരീഷിനെയും ബൈജുവിനേയും സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. യാത്രക്കിടയില്‍ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കവിതയെ ആശുപത്രിയില്‍ എത്തിച്ചത് ഡ്രൈവര്‍ ഗിരീഷും കണ്ടക്ടര്‍ ബൈജുവും ചേര്‍ന്നാണ്. കവിതയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ ആശുപത്രിയില്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചതിന് ഇവര്‍ക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത പുറത്തുവന്നതുമുതല്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യം ഓര്‍ത്തത് ഈ സംഭവമാണ്. 2018ല്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവില്‍ ജീവന്‍ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അര്‍പ്പിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ഡോ.കവിത വാര്യര്‍.
'അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'കവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സർക്കാരിന്റെ വക കെഎസ്ആർടിസി ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു. 2018 ജൂൺ മൂന്നിന്, യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവം വാർത്തയായിരുന്നു. അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്. അന്ന് കെഎസ്ആർടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികൾക്കു സഹായമെത്തിക്കാനും ഇരുവരും മുന്നിലുണ്ടായിരുന്നു. ബസ് ജീവനക്കാരെപ്പറ്റി പലപ്പോഴും പരാതികളുയരുമ്പോഴും അവരിൽ നിന്നും വ്യത്യസ്തനായിരുന്നു ഗിരീഷും ബൈജുവും. ഇവർക്കൊപ്പം ബസിൽ ഒറ്റത്തവണ യാത്ര ചെയ്തവർ പോലും അവരെ മറക്കാറില്ല. അതുകൊണ്ടുതന്നെ തിരുപ്പൂരിലെ അപകടത്തിൽ സഹ പ്രവർത്തകരുടെ വേർപാട് കേൾക്കേണ്ടി വരുന്നതിൽ ഒന്നടങ്കം സങ്കടത്തിലാണ് കെഎസ്ആർടിസി.
യാത്രക്കാരെ ആശുപത്രിയിലെത്തിച്ച സംഭവത്തെപ്പറ്റി 2018 ജൂൺ 22ന് ‘കെഎസ്ആർടിസി എറണാകുളം’ എന്ന ഫെയ്സ്ബുക് പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് #KSRTC ബസ് തിരികെ ഓടി.!!! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ തൃശൂര്‍നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. വഴിക്കു വച്ച് ഇവർക്ക് ഫിറ്റ്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആർടിസി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നത്. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.
ബസിലെ ജീവനക്കാരന്‍ ആയ ബൈജു വാളകത്തിൽ പറയുന്നതിങ്ങനെ – ‘‘ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിറ്റ്സ് ആണത്രെ.
ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു “ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്. അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂര്‍ ഐസിയെ ഇന്‍ഫോം ചെയ്തു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിർദേശം ലഭിച്ചു. തൃശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. “സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണേൽ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.” “അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലേ ..!” എന്ന് ബെന്നി സാർ പറഞ്ഞു.
ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു പറഞ്ഞു “ഇവരുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.” കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം ലഭിച്ചു..!
അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാംഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു….! നന്മയുടെ കരം നീട്ടിയ ഗിരീഷ് & ബൈജു ഒരായിരം അഭിനന്ദനങ്ങള്‍...
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
https://www.facebook.com/Malayalivartha

























