മോട്ടര്‍ വാഹന വകുപ്പ്, അപേക്ഷകളെല്ലാം ഡിജിറ്റലാക്കാന്‍ ഒരുങ്ങുന്നു
കടലാസ് അപേക്ഷാ ഫോമുകള്‍ മോട്ടര്‍ വാഹന വകുപ്പില്‍ കഴിയുന്നത്ര ഒഴിവാക്കണമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണറുടെ നിര്‍ദ്ദേശം. പരിവാഹന്‍ സൈറ്റില്‍, പല രേഖകളും ഡിജിറ്റലായി ലഭ്യമായ സാഹചര്യത്തിലാണ് കാലോചിത പരിഷ്കാരം നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍. കാലാവധി കഴിഞ്ഞ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ ഡിജിറ്റല്‍ രേഖകളാക്കി മാറ്റണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
ഡിജിറ്റലായി കിട്ടുന്ന രേഖകള്‍ വീണ്ടും കടലാസ് ഫോമില്‍ വാങ്ങേണ്ടെന്നും ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ രൂപമാറ്റം, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളും കടലാസ് അപേക്ഷകള്‍ കൂടാതെ ചെയ്തു കൊടുക്കണമെന്നും പറയുന്നു.
ഇപ്പോള്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സിനോ വാഹന രജിസ്ട്രേഷനോ അപേക്ഷ നല്കുമ്പോള് കടലാസും ഡിജിറ്റലുമായ 2 ഫയലുകള്‍ ഉണ്ടാകുന്നുണ്ട്. പരിവാഹനില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഫയല്‍, ഓഫിസ് രേഖയായി കണക്കാക്കാം. കടലാസ് ഫയല്‍ ലൈസന്‍സ്/വാഹന ഉടമ തന്നെ സൂക്ഷിക്കണം. ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെയും വിശദാംശങ്ങള്‍, വാഹന നികുതി ഒടുക്കല്‍ സേവനങ്ങള്‍ക്കും ഡിജിറ്റല്‍ ഫയല്‍ മതി.
അപേക്ഷകന്റെ അഡ്രസ് എഴുതി സ്റ്റാംപ് ഒട്ടിച്ച കവര്‍, കേന്ദ്രീകൃത പ്രിന്റിങ് പ്രാവര്‍ത്തികമാകും വരെ വാങ്ങാം. ഫോം ഡിഎല്‍സി, ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ അതതു കാലയളവു വരെ ഫയല്‍ അപേക്ഷകന് സൂക്ഷിക്കണം എന്നുള്ള നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് അതില്‍ അപേക്ഷകന് ഒപ്പു വയ്ക്കണം. ഫോം ഡിഎല്‍സി, ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഓഫിസില്‍ ഒരു വര്‍ഷത്തേക്കു സൂക്ഷിക്കണം.
https://www.facebook.com/Malayalivartha