പോലീസ് സ്റ്റേഷനിൽ നാണയം വിഴുങ്ങി വ്യാജ ഡോക്ട്ടറുടെ ആത്മഹത്യ ശ്രമം... ആറ് വർഷമായി എസ് എ ടി യിൽ ചികിത്സ നടത്തിയ വ്യാജൻ പിടിയിൽ

വ്യാജ ഡോക്റ്റർമാർ പിടിയിലാകുന്ന വാർത്തകൾ ഇന്ന് മാധ്യമങ്ങളിൽ പതിവ് കാഴ്ചയാണ്. എന്നാൽ പിടിയിലായ വ്യാജൻ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം നടത്തിയ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആറ് വർഷമായി ചികിത്സ നടത്തിവന്ന വ്യാജ ഡോക്റ്ററാണ് പിടിയിലായത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു.
എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ എന്നവകാശപ്പെട്ട് ചികിത്സ നടത്തിയതിന് അറസ്റ്റിലായയാൾ ആണ് അരുവിക്കര പോലീസ് സ്റ്റേഷനിൽ നാണയം വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചത് . അരുവിക്കര പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്ത നാവായിക്കുളം കുന്നുവിള പുത്തൻവീട്ടിൽ രാജേഷ്ആണ് പത്തു രൂപയുടെ നാണയം വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. രാജേഷിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ഇയാൾ കൈവശമുണ്ടായിരുന്ന നാണയം വിഴുങ്ങുകയായിരുന്നു .
ഉടൻതന്നെ ഇയാളെ പോലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാർ അന്നനാളത്തിൽ കുടുങ്ങിക്കിടന്ന നാണയം പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് വൈകീട്ട് ഏഴുമണിയോടെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എ.ടി. ആശുപത്രിയിൽ ഹൃദ്രോഗവിദഗ്ധൻ എന്നവകാശപ്പെട്ട് ആറുവർഷമായി വ്യാജ ഡോക്ടറായി പ്രതി ചികിത്സ നടത്തുകയായിരുന്നു . ഒരു യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
https://www.facebook.com/Malayalivartha























