ഉള്ള് കത്തും കാഴ്ചകള്‍... വിഷുവിനോടനുബന്ധിച്ചുള്ള വിളവെടുപ്പുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി പാതിരാത്രിയോളം ചര്‍ച്ചകള്‍ നീണ്ടപ്പോള്‍ എല്ലാം വെറുതേയാണെന്ന് അറിഞ്ഞില്ല; രണ്ടേക്കറില്‍ നീന്തിക്കളിക്കുന്ന മീനുകളെല്ലാം നേരംവെളുത്തപ്പോള്‍ ചത്ത് പൊങ്ങി

എന്തൊരു ക്രൂരതയാണ് ഈ നടത്തിയിരിക്കുന്നത്. കോഴിക്കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ എല്ലാം തകര്‍ത്തിരിക്കുകയാണ് കുറേ സാമൂഹ്യ വിരുദ്ധര്‍. വളര്‍ച്ചയെത്തിയ ഒന്നേകാല്‍ ലക്ഷം മീനുകളാണ് ഒരു രാത്രിയുടെ പാതി സമയംകൊണ്ട് ചത്തുപൊങ്ങിയത്. അഴിഞ്ഞിലം പടുവില്‍താഴെയുള്ള പുഴയോരം ഫിഷ് ഫാമില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ നടത്തിപ്പുകാരും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. വിഷുവിനോടനുബന്ധിച്ചുള്ള വിളവെടുപ്പുത്സവത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്ന അവര്‍. രണ്ടേക്കറില്‍ നീന്തിക്കളിക്കുന്ന മീനുകളെ നോക്കയിരുന്നുള്ള ചര്‍ച്ച കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് അവര്‍ മടങ്ങിയത്.
പിറ്റേന്നു രാവിലെ മീനുകള്‍ക്കു തീറ്റയിട്ടുകൊടുക്കാനെത്തിയ പുഴയോരം സംഘം പ്രസിഡന്റ് പി.ഷാജിയെ കാത്തിരുന്നത് ഉള്ളു പിളര്‍ത്തുന്ന കാഴ്ചയായിരുന്നു. എല്ലാം ചത്തുമലച്ചുകിടക്കുന്നു. കുളത്തില്‍ വിഷം കലര്‍ത്തിയതാണെന്നു തന്നെയാണു നിഗമനം. വരമ്പത്ത് വെളുത്ത പൊടിയും കുപ്പിയില്‍ ദ്രാവകവും കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മീനിന്റെയും വെള്ളത്തിന്റെയും സാംപിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം ഇന്നു ലഭിക്കുമെന്നാണ് കരുതുന്നത്.
അസുഖമായിരുന്നെങ്കില്‍ 2 ദിവസം മുന്‍പെങ്കിലും ലക്ഷണങ്ങള്‍ കാണിക്കേണ്ടതാണ്. ദിവസവും പല സമയങ്ങളിലായി മാറിമാറി സ്ഥലത്തെത്താറുള്ള ഇവരിലാരും അത്തരം ലക്ഷണം കണ്ടിട്ടില്ല.
ഉള്ളിലാളുന്ന സങ്കടവുമായി ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്ക്കാതെ പകലന്തിയോളം വിശ്രമവും ഭക്ഷണവുമില്ലാതെ മീനുകളെ നീക്കുന്ന ജോലിയിലായിരുന്നു ഇവര്‍. കലര്‍ന്നത് എന്തുതരം വിഷമെന്നറിയാത്തതിനാല്‍ വെള്ളത്തിലിറങ്ങാന്‍ കഴിയാതെ, തോണിയിലിരുന്ന് കോരിയെടുക്കുകയായിരുന്നു. മീനുകളെ പൂര്‍ണമായി നീക്കിയ ശേഷം വെള്ളം ഒഴിവാക്കി കുളം വൃത്തിയാക്കണം.
6 വര്‍ഷം മുന്‍പാണു യുവ സംഘം മീന്‍കൃഷി തുടങ്ങിയത്. വിഷുദിനത്തില്‍ ഇവിടുത്തെ കൊയ്ത്തുത്സവമാണു നാടിന്റെ പ്രധാന ആഘോഷം. നാട്ടുകാരെല്ലാം ചേര്‍ന്നു കുളത്തിലിറങ്ങിയാണു മീന്‍പിടിത്തം. വില്‍പനയ്ക്ക് കുളത്തിനു സമീപം കൗണ്ടറുകള്‍ തുറക്കും. പിടിക്കുന്ന മീനുകള്‍ കൗണ്ടറുകളിലെത്തിച്ച് അപ്പപ്പോള്‍ വില്‍പന നടത്തും. വിഷുത്തലേന്നു തുടങ്ങി 3 ദിവസമായിരുന്നു കഴിഞ്ഞ വര്‍ഷം ആഘോഷം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേരെത്തിയതോടെ ആദ്യ 2 ദിവസം കൊണ്ടുതന്നെ മീനുകള്‍ വിറ്റുതീര്‍ന്നു. അതുകൊണ്ടുതന്നെ, ഇക്കൊല്ലം കൂടുതല്‍ മീനുകളെ ഇട്ടിരുന്നു.
ലാഭവിഹിതം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കി. കഴി!ഞ്ഞ വര്‍ഷം നാട്ടില്‍ തന്നെയുള്ള വൃക്കരോഗിയെ സഹായിച്ചു. ഇക്കൊല്ലം ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ആവശ്യമുള്ള, അയല്‍വാസിയായ കൊച്ചുകുട്ടിയുടെ ചികിത്സയായിരുന്നു ലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കി കൊയ്ത്തുത്സവത്തിന്റെ നോട്ടിസും കൂപ്പണുകളുമെല്ലാം അച്ചടിച്ചിരുന്നു. ഈ ക്രൂരകൃത്യം ചെയ്ത സാമൂഹികവിരുദ്ധര്‍ മറക്കരുത്; ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളില്‍ കൂടിയാണ് നിങ്ങള്‍ വിഷം കലര്‍ത്തിയത്.
മീന്‍ കൃഷി തുടങ്ങിയിട്ട് 6 വര്‍ഷമായെങ്കിലും ഇത്തവണയാണ് ഇവര്‍ കാര്യമായ ലാഭം പ്രതീക്ഷിച്ചിരുന്നത്. ആദ്യവര്‍ഷങ്ങളില്‍ ലാഭ പ്രതീക്ഷയില്ലാതെ കൃഷി പഠിച്ചെടുക്കുന്നതിലായിരുന്നു ശ്രദ്ധ. 2 വര്‍ഷം മുന്‍പു നീര്‍നായ കയറി കുറേയേറെ മീനുകളെ നഷ്ടപ്പെട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം ഫാമിനു ചുറ്റും കണ്ടാടി വേലി കെട്ടി. ഈ വേലി കഴിഞ്ഞ പ്രളയത്തില്‍ ഏതാണ്ടു പൂര്‍ണമായി നശിച്ചു. ഒപ്പം, ഫാമിന് അനുബന്ധമായുള്ള കേജില്‍ വളര്‍ത്തിയിരുന്ന മീന്‍കുഞ്ഞുങ്ങളും ഒലിച്ചുപോയി. പുതിയ വേലി കെട്ടി, ചെളിയടിഞ്ഞ കുളം വറ്റിച്ചു വൃത്തിയാക്കി പുതിയ വെള്ളം നിറച്ച് ഒക്ടോബറിലാണു പുതിയ മീന്‍കുഞ്ഞുങ്ങളെ ഇട്ടത്.
വിഷുവിന് വിളവെടുക്കാന്‍ പാകത്തില്‍ വളര്‍ച്ചയെത്തേണ്ടതിനാല്‍ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ പോയി വലിയ കുഞ്ഞുങ്ങളെ വാങ്ങുകയായിരുന്നു. ചുവന്ന ആവോലി, വാള, തിലോപ്പിയ, കരിമീന്‍, നാടന്‍ പരല്‍മീന്‍ തുടങ്ങിയവയാണു കുളത്തിലുണ്ടായിരുന്നത്.16,000 തിലോപ്പിയ ഉള്ളതില്‍ 6,000 എണ്ണം ഫിഷറീസ് വകുപ്പിന്റെ ശുദ്ധജല മത്സ്യക്കൃഷി പദ്ധതിയില്‍പെടുത്തി അനുവദിച്ചതാണ്. 2000 വീതം കട്‌ല, രോഹു മീനുകളും ഫിഷറീസ് വകുപ്പ് അനുവദിച്ചു.ദിവസം 2 നേരം ഓരോ ചാക്ക് തീറ്റയാണു നല്‍കി വന്നിരുന്നത്. 40 കിലോ വരുന്ന ഒരു ചാക്ക് തീറ്റയ്ക്ക് 2200 രൂപയാണു വില. ഫിഷറീസ് വകുപ്പ് അനുവദിച്ച കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയ്ക്കു സബ്‌സിഡി ലഭിക്കും. ബാക്കി തുക സ്വന്തമായി കണ്ടെത്തുകയായിരുന്നു ഇവര്‍. ചുരുങ്ങിയത് 20 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
3 പേര്‍ രാവിലെയും 3 പേര്‍ രാത്രിയും എന്നാണു ധാരണയെങ്കിലും വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞാല്‍ കഴിയുന്നതും എല്ലാവരും ഒന്നിച്ചുകൂടും. ചിലപ്പോള്‍ പുലരുവോളം സംസാരിച്ചിരിക്കും.
ഇതുവരെ 10 ടണ്‍ മീനാണ് ഇവര്‍ കുളത്തില്‍നിന്നു കോരി മാറ്റിയത്. ഇവയെ സംസ്‌കരിക്കുന്നതിനു വന്‍ ചെലവ് വരുമെന്ന ആശങ്കയിലായിരുന്നു യുവാക്കള്‍. എന്നാല്‍, തൊട്ടടുത്ത പുരയിടത്തിന്റെ ഉടമ കുഴിച്ചിടാന്‍ അനുവാദം നല്‍കിയതോടെ ജെസിബി വിളിച്ചു കുഴിയെടുത്തു. പകുതി മീനുകള്‍ മാത്രമാണു ചൊവ്വാഴ്ച നീക്കാന്‍ പറ്റിയത്.
അതേസമയം ഫാമില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നൊടുക്കിയ കേസില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം. സംഭവ ദിവസം രാത്രി മേഖലയില്‍ എത്തിയവരെ കണ്ടെത്താനാണ് ശ്രമം. ഇതോടൊപ്പം മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വാഴക്കാട് ഇന്‍സ്‌പെക്ടര്‍ എം.സി.കുഞ്ഞിമോയിന്‍ കുട്ടി, എസ്‌ഐ എ.പി.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha



























