നിങ്ങൾക്ക് വേണമെങ്കിൽ സഹകരിക്കാതിരിക്കാം; കേരളത്തിൽ കോവിഡിന്റെ പ്രളയം ഉണ്ടാക്കാം ; നിങ്ങളോട് വീട്ടിൽ ഇരിക്കാനല്ലേ പറഞ്ഞുള്ളൂ; അറിയുമോ രാപകലില്ലാതെ ഓടുന്ന മനുഷ്യ മെഷീനുകളെ ? വികാര നിർഭരമായ കുറിപ്പ്

കോവിഡ് 19 നെ നമ്മുടെ നാട്ടിൽ നിന്നും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില നിർദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ അത് പൂർണമായി പാലിക്കാൻ പലരും വിമുഖത കാണിക്കുന്നു. വീടിൽ നിന്നും പുറത്ത് ഇറങ്ങരുത് എന്ന നിർദേശം മാത്രമേ അവർക്ക് നൽകുന്നുള്ളൂ. പക്ഷേ ആ നിർദേശം പലർക്കും അസ്വസ്ഥത ഉളവാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നാലെ രാപകലില്ലാതെ ഓടുന്ന മനുഷ്യ മെഷീനുകൾ ഉണ്ട്. അവരെ നാം മറക്കരുത് എന്ന ഉദ്ദേശത്തോടെയുള്ള ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഡോ. വി.കെ.ഷമീറിന്റെ കുറിപ്പ് ഏവരെയും ചിന്തിപ്പിക്കുന്നു
ഡോ. വി.കെ.ഷമീറിന്റെ കുറിപ്പിന്റെ പൂർണരൂപം: ‘I don't want to remember those days’ കോഴിക്കോട് മെഡിക്കൽ കോളജ്, മെഡിസിൻ ഡിപാർട്ട്മെന്റിലെ പിജി വിദ്യാർഥി രാംകുമാറിന്റെ വാക്കുകളാണിവ. നിപ്പ എങ്ങനെ നേരിട്ടു എന്നു പറഞ്ഞുകൊടുക്കാൻ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ക്ഷണിച്ചു കൊണ്ടുവന്നതായിരുന്നു. കുട്ടികൾ വിളിച്ചപ്പോൾ വരില്ലെന്നാണു പറഞ്ഞത്. പറഞ്ഞകാരണം അതു തന്നെ, തനിക്കതൊന്നും ഓർക്കാൻ ആഗ്രഹമില്ലെന്ന്. നമ്മുടെ കുട്ടികൾ അതറിയണമെന്ന് പറഞ്ഞ് ഞാനാണ് നിർബന്ധിച്ചത്. പ്രസംഗത്തിൽ ആ വാചകം രാംകുമാർ എത്ര തവണ ആവർത്തിച്ചെന്ന് ഓർമയില്ല.
അതുകഴിഞ്ഞ് രാംകുമാർ കുട്ടികളോട് ചോദിച്ചു ‘നിങ്ങൾക്ക് പലർക്കും നിപ്പ പോലെ ഒരു സാഹചര്യം വന്നാൽ അതിലേക്ക് ചാടിയിറങ്ങണമെന്ന് തോന്നുന്നുണ്ടല്ലേ? എന്നാൽ എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും അങ്ങനെ ഒരു സാഹചര്യം വരാതിരിക്കാൻ ആഗ്രഹിക്കുക, പ്രാർഥിക്കുക’. ഒരു നിപ്പ കാലത്തിന്റെ ഓർമകൾ പോലും ഞങ്ങൾക്കു കയ്പാണ്. അറിയാതെ പറഞ്ഞുപോവുകയാണ്, ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ, ചില പരിഭവങ്ങൾ കാണുമ്പോൾ. ഉത്തരേന്ത്യയിൽ വിനോദയാത്ര പോയാൽ കുഴപ്പമുണ്ടോ? ഹോളി ആഘോഷിച്ചാൽ കുഴപ്പമുണ്ടോ? 14 ദിവസം വീടിനുള്ളിൽ കഴിയാനോ? ഒരു ചെറിയ പനിക്ക് ഐസലേഷനോ?14 ദിവസം വീടിനുള്ളിൽ കഴിയാനോ? ഒരു ചെറിയ പനിക്ക് ഐസലേഷനോ..?
എന്റെ പ്രിയ സുഹൃത്തുക്കളേ, കൊറോണയെന്ന ഭീതി വന്ന മുതൽ ഇവിടെ ഓടിക്കൊണ്ടിരിക്കുന്ന കുറേ മെഷീനുകൾ ഉണ്ട്. രാവെന്നോ പകലെന്നോ നോക്കാതെ, തന്റെ ഡ്യൂട്ടി സമയം നോക്കാതെ, ഇല്ലാത്ത സൗകര്യങ്ങൾ കൊണ്ട് സൗകര്യങ്ങൾ ഉണ്ടാക്കുന്നവർ. ആലപ്പുഴയിൽ ഡോ. ജൂബി ജോൺ, തൃശൂരിൽ ഡോ. രാജേഷ്, കോഴിക്കോട്ട് ഡോ. ശ്രീജിത്. മൂന്ന് നോഡൽ ഓഫിസർമാർ. മൂന്നു പേരും സുഹൃത്തുക്കളായതുകൊണ്ട് നന്നായി അറിയാം, വലിക്കുന്ന ചക്രശ്വാസത്തെ കുറിച്ച്. കൊച്ചി മെഡിക്കൽ കോളജിനെ കുറിച്ച് ഡോ. വീണ എഴുതിയതു വായിച്ചറിഞ്ഞതും ഇതുതന്നെ. കാഞ്ഞങ്ങാട്ട് എങ്ങനെയാണാവോ ഇതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഐസലേഷൻ വാർഡ് ഉണ്ടാക്കിയെടുത്തത്! പത്തനംതിട്ടയിലെ ഡോക്ടർമാർ ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത സമ്മർദത്തിലായിരിക്കും ഇപ്പോൾ. ഡോക്ടർമാരുടെ കൂടെയുള്ള റസിഡന്റുമാർ, നഴ്സുമാർ, ബാക്കി സ്റ്റാഫ്.
ഓരോ രോഗിയും അവശേഷിപ്പിക്കുന്ന ആയിരങ്ങളുടെ സമ്പർക്ക ലിസ്റ്റും തേടി നടക്കുന്ന ആശ വർക്കർമാർ. സമ്പർക്കം വന്നവർക്ക് പനിക്കുന്നോ ചുമയ്ക്കുന്നോ എന്നാരായാൻ നടക്കുന്ന ഹെൽത്ത് സെന്ററിലെ സ്റ്റാഫ്, അവരെ നയിക്കുന്ന മെഡിക്കൽ ഓഫിസർമാർ. ലിസ്റ്റിനു പുറത്ത് ലിസ്റ്റും അവരുടെ റൂട്ടും തിരയുന്ന കമ്യൂണിറ്റി മെഡിസിൻ വിഭാഗം. ഇങ്ങനെ ഇവിടെ പരാമർശിച്ചവരും പരാമർശിക്കാത്തവരുമായി ഒട്ടേറെ ആളുകൾ ജീവിതം കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. മൂന്ന് രോഗികൾക്കേ രോഗം വന്നുള്ളൂ അവർക്കെല്ലാം സുഖം പ്രാപിച്ചു എന്നു പറയുമ്പോൾ നല്ല സുഖം തോന്നുന്നില്ലേ, അപ്പോഴേക്കും ഒരു ദശലക്ഷം ആളുകൾ ചെയ്യേണ്ട ജോലി ആയിരം ആളുകൾ കൂടി ചെയ്തു തീർത്തിട്ടുണ്ടാകും. പലതും നിങ്ങൾ അറിയാതെ. ആവശ്യത്തിന് സാധനങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ. നിങ്ങളോട് സ്വന്തം വീട്ടിൽ ഇരിക്കാനേ പറയുന്നുള്ളൂ. അസുഖ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിളിക്കാനും നിഷ്കർഷിച്ച സ്ഥലങ്ങളിൽ മാത്രം വരാനും. നിങ്ങളോട് ആഘോഷങ്ങൾ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ. നിങ്ങളോട് വിനോദയാത്രകൾ ഒഴിവാക്കാനേ പറയുന്നുള്ളൂ. നിങ്ങളോട് ആശുപത്രി സന്ദർശനം ഒഴിവാക്കാനേ പറയുന്നുള്ളൂ. രോഗീപരിചരണത്തിൽ ഒരൽപം ശ്രദ്ധ കൊടുക്കാനേ പറയുന്നുള്ളൂ.
നിങ്ങൾക്ക് വേണമെങ്കിൽ സഹകരിക്കാതിരിക്കാം കേരളത്തിൽ നമുക്കൊരു കോവിഡിന്റെ പ്രളയം തന്നെ ഉണ്ടാക്കാം. ലോകത്തിന് മുന്നിൽ നമുക്ക് ലജ്ജിക്കാം. ഒഎൻവിയുടെ ഒരു കവിതയുണ്ട്, കൽപ്പണിക്കാരെ കുറിച്ച്. അവർ പണിയുന്ന മതിലിന്റെ ദൗർബല്യം മറയ്ക്കാൻ സ്വന്തം ഭാര്യയുടെ ശരീരം കല്ലുകൾക്കിടയിൽ വച്ച് അടയ്ക്കുന്നതിനെ കുറിച്ച്. ഇവിടെ സാംക്രമിക രോഗങ്ങൾക്കെതിരെ നാം പണിയുന്ന സംരക്ഷണ മതിലുകളിലെ കുറവുകളെല്ലാം മനുഷ്യ ശരീരങ്ങൾ വച്ചാണ് നികത്തുന്നതെന്ന് ഓർക്കണം. കവിതയിൽ ആ സ്ത്രീ ചോദിക്കുന്ന അവസാന ആഗ്രഹമുണ്ട്. മതിലിനുള്ളിൽ ഒരു കല്ലായി മാറുമ്പോഴും കുഞ്ഞിനെ മുലയൂട്ടാൻ ഉതകുന്ന രീതിയിൽ മതിൽ പണിയാൻ.
https://www.facebook.com/Malayalivartha



























