കൊറോണ ജാഗ്രതാ നിര്‍ദേശം തള്ളി; തൃശൂരും ആലപ്പുഴയിലും സിഐടിയുവിന്റെ നേതൃയോഗങ്ങള്‍

കോവിഡ് വൈറസ് രാജ്യമാകെ പടരുന്ന സാഹചര്യത്തിൽ കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് സർക്കാർ. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് പൊതുയോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളെ അവഗണിച്ചിരിക്കുകയാണ് സിപിഎം ട്രേഡ് യൂണിയനായ സിഐടിയു. കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ തൃശൂരും ആലപ്പുഴയിലും യോഗം ചേര്‍ന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ 200 പേരോളം പങ്കെടുത്തു.
യോഗം വാര്‍ത്തയായതോടെ സംഭവത്തെ ന്യായീകരിച്ച് സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസ് രംഗത്തെത്തി. കൊവിഡ് ജാഗ്രതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നതെന്നും യോഗവേദിയില്‍ ആരോഗ്യ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു. വിവാദമായതോടെ യോഗം നിര്‍ത്തിവെക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ആലപ്പുഴയില്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗമാണ് നടക്കുന്നത്. 90 പേരാണു കമ്മിറ്റിയിലുള്ളത്. 200ല്‍ ഏറെപ്പേരുള്ള ജില്ലാ കൗണ്‍സിലിന്റെ യോഗം 18നു ചേരാനാണ് നിശ്ചയിച്ചിരുന്നത്. ഇതു മാറ്റിവെച്ചതായി ഭാരവാഹികള്‍ സൂചിപ്പിച്ചു. കൊവിഡ് ജാഗ്രതാ നിര്‍ദേശം ലംഘിച്ച് സിഐടിയു സമ്മേളനം സംഘടിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സിഐടിയുവിന് എന്തുമാകാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഉത്സവങ്ങള്‍, വിവാഹം തുടങ്ങിയ ആള്‍ക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണം. സിനിമാശാലകള്‍ അടക്കം അടച്ചിടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 14 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൃശൂര്‍ ജില്ലയില്‍ കോവിഡ് സംശയത്തില്‍ 613 പേരാണ് നിരീക്ഷമത്തില്‍ കഴിയുന്നത്. അതേസമയം പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ് ഇല്ലെന്നു പരിശോധനാഫലം പുറത്തുവന്നു. ഇന്ന് 12 പേരുടെ പരിശോധനാ ഫലം കൂടി പത്തനംതിട്ടയില്‍ നിന്നു ലഭിക്കാനുണ്ട്. സംസ്ഥാനത്ത് ഇതുവരെ 14 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha



























