നാട്ടിന്‍പുറങ്ങളിലെ തീന്‍മേശകളെ സമ്പന്നമാക്കുന്നത് 'പറക്കാനാവാതെ' പോയ ഞണ്ടുകള്‍!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കയറ്റുമതിയില്‍ ഉണ്ടായ തടസ്സത്തെ തുടര്‍ന്നു വിലയില്‍ ഉണ്ടായ വന്‍ ഇടിവ് രുചിയേറിയ ഞണ്ടുകള്‍ നാട്ടുകാര്‍ക്കും വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കി. അതേസമയം ഞണ്ടുകള്‍ വളര്‍ത്തുന്നവര്‍ക്കും വിപണനം ചെയ്യുന്നവര്‍ക്കും ഈ സാഹചര്യം വന്‍ തിരിച്ചടിയാവുകയും ചെയ്തു.
ഞണ്ട് വില ഇപ്പോള്‍ മൂന്നിലൊന്നായിരിക്കുകയാണ്. നേരത്തെ കിലോഗ്രാമിനു 2200 രൂപയോളം കിട്ടിയിരുന്ന മുന്തിയ ഇനത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 900 രൂപ മാത്രം. മറ്റിനങ്ങള്‍ക്കും വില കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ എത്ര സ്റ്റോക്ക് ഉണ്ടെങ്കിലും എടുക്കുന്നതായിരുന്നു കച്ചവടക്കാരുടെ പതിവെങ്കില്‍ ഇപ്പോള്‍ കഴിയുന്നത്ര കുറച്ചു ചരക്കാണ് എടുക്കുന്നത്. കയറ്റുമതിയെക്കുറിച്ചുള്ള ആശങ്ക മൂലം വലുപ്പമേറിയ ഞണ്ടുകള്‍ കച്ചവടക്കാര്‍ ഒഴിവാക്കുകയാണ്.
ചൂടു കൂടുകയും വേനല്‍ക്കാല ചെമ്മീന്‍കെട്ടുകളുടെ കാലാവധി അവസാനിക്കാറാവുകയും ചെയ്യുന്ന ഇപ്പോഴാണ് ഏറ്റവുമധികം ഞണ്ടുകള്‍ വിപണിയിലെത്തുന്നത്. ദിവസങ്ങളോളം സ്റ്റോക്ക് ചെയ്തശേഷമാണ് ഇപ്പോള്‍ വിദേശ വിപണിയിലേക്കു ഞണ്ടുകള്‍ കയറ്റിവിടുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കുന്ന സമയത്തു ഞണ്ടുകള്‍ ചത്തുപോയാല്‍ ഉണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാനാണത്രെ വലുപ്പമേറിയവ കച്ചവടക്കാര്‍ ഒഴിവാക്കുന്നത്.
https://www.facebook.com/Malayalivartha



























