കോഴിയിറച്ചിയും കോവിഡും സത്യമറിയാം....ഇവ ഒഴിവാക്കണോ? കേരളത്തിൽ ദിവസേന എത്തുന്നത് 20 കോടി കോഴി...വിലയിലും ഇടിവ്..വ്യാജപ്രചാരണങ്ങളും സജീവം

ലോകം മുഴുവൻ ഇപ്പോൾ ഒരു മുൾമുനയിലെന്ന പോലെയാണ് കഴിയുന്നത്. അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന വൈറസ്ബാധയിൽ ഇതുവരെ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ കോവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ പെട്ടുപോയത് മാംസവിൽപ്പന വ്യാപാരികളാണ്. രോഗവുമായി സംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങളാണ് ഇതിനു കാരണമായത്. രോഗബാധയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വ്യാജ പ്രചാരണങ്ങളും നിലവിലുണ്ട്.എന്നാൽ പ്രചരിക്കുന്നവയെല്ലാം സത്യമല്ല.
സംസ്ഥാനത്തു ഇറച്ചിക്കോഴി വിലയും മുട്ടവിലയും കുത്തനെ താഴേക്ക് പോയിരിക്കുന്നു . കോവിഡ്–19 ബാധയെക്കുറിച്ചു പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും കേരളത്തിൽ പടർന്നു പിടിച്ച പക്ഷിപ്പനിയുമാണു പോൾട്രി കർഷകരെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ മാസം 6 രൂപവരെ എത്തിയ കോഴി മുട്ടയുടെ വില മൊത്ത വിൽപന കേന്ദ്രങ്ങളിൽ 3 രൂപയായി താഴ്ന്നു . കിലോയ്ക്കു 160 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കു 40 മുതൽ 60 രൂപവരെയാണ് ഇപ്പോൾ വില. ഫാമുകളിൽ നിന്നു നേരിട്ടു വിൽക്കുന്നതു 25 രൂപയ്ക്കാണ്. വ്യാജ പ്രചാരണങ്ങളും പക്ഷിപ്പനിപേടിയും കാരണം വിലയ്ക്കൊപ്പം ആവശ്യക്കാരും കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. പോൾട്രി ഫാമിലെത്തിക്കുന്ന കോഴികൾക്ക് അതാതു സമയങ്ങളിൽ പ്രതിരോധ കുത്തിവയ്പു നൽകാറുണ്ടെന്നു ഫാം ഉടമകൾ പറയുന്നു. എന്നാൽ ഇവയൊന്നും ഭയം മാറാൻ ഉതകുന്നില്ല.
കോയമ്പത്തൂർ, നാമക്കൽ, തിരുപ്പൂർ എന്നിവിടങ്ങളിലെ പോൾട്രി വ്യവസായം തന്നെ സ്തംഭിച്ച അവസ്ഥയാണ്. ഇതേതുടർന്ന് കോവിഡ് പ്രചാരണങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നു പക്ഷിപ്പനി തമിഴ്നാട്ടിലും പടർന്നാൽ പോൾട്രി മേഖല തകരുമെന്നു തമിഴ്നാട് എഗ് മാർക്കറ്റിങ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.ഇറച്ചിക്കോഴി വില പകുതിയിലധികം കുറഞ്ഞിട്ടും വില കുറയ്ക്കാൻ ഹോട്ടലുകൾ തയാറായിട്ടില്ല. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും പഴയ വില തന്നെയാണ് കോഴി വിഭവങ്ങൾക്ക് ഈടാക്കുന്നത്. അതേസമയം ചില ഹോട്ടലുകളിൽ ഇറച്ചി വിഭവങ്ങൾക്കു പ്രത്യേക ഓഫറുകളുണ്ട്. വിലയിടിവ് താൽകാലികമായതിനാലാണു നിരക്കു കുറയ്ക്കാത്തതെന്നു ഹോട്ടൽ ഉടമകൾ പറയുന്നു.
കോഴിയിറച്ചിയോ, മുട്ടയോ കഴിച്ചാൽ കോവിഡ്–19 ബാധിക്കുമെന്നതിൽ ഇതുവരെ ശാസ്ത്രീയ സ്ഥിതീകരണം ഒന്നും വന്നിട്ടില്ല . വൈറസ് ബാധയേറ്റവരുടെ സ്രവങ്ങൾ, സ്പർശനം ഏറ്റ സ്ഥലങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകരുക. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു കോവിഡ് പകരുമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ തുടരുകയാണ് . പക്ഷിപ്പനിയെ തുടർന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കോഴികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടുന്ന വർഷങ്ങൾ പഴക്കമുള്ള വിഡിയോ ആണു വ്യാജ സന്ദേശത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കോവിഡ്–19 വൈറസ് ബാധയെക്കുറിച്ചു ലോകാരോഗ്യ സംഘടനയും, ആരോഗ്യ വകുപ്പും പുറത്തിറക്കുന്ന നിർദേശം മാത്രമേ മുഖവിലയ്ക്കെടുക്കാൻ പാടുള്ളു . വൈറസ് ബാധ, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെയും, ആരോഗ്യ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. വ്യാജ പ്രചാരണങ്ങളിൽ വീണുപോകാതിരിക്കുക. സത്യമേത് നുണയേത് എന്ന് തിരിച്ചറിയേണ്ടത് നമ്മുടെ തന്നെ കടമയാണ്.
https://www.facebook.com/Malayalivartha



























