അനധികൃത പാര്‍ക്കിംഗ്: പിഴയായി 10,000 രൂപ ആവശ്യപ്പെട്ട 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അനധികൃതമായി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് 10,000 രൂപ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുളവുകാട് സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹന്‍ എന്നിവരെ അഡീഷനല്‍ കമ്മിഷണര്‍ കെ.പി. ഫിലിപ് സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 7-ന് രാത്രി എട്ടരയോടെ പൊലീസുകാര്‍ തന്നെ സമീപിച്ചതായും റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിനു പിഴയായി 10,000 രൂപ ആവശ്യപ്പെട്ടതായും പറവൂര്‍ സ്വദേശി ജിത്തു നല്‍കിയ പരാതിയിലാണ് നടപടി.
പൊലീസുകാര്‍ സ്ഥലത്തു വച്ച് 3000 രൂപ വാങ്ങിയെന്നും ഒരു മണിക്കൂറിനു ശേഷം ഫോണില്‍ വിളിച്ച് 7000 രൂപ പിറ്റേന്ന് സ്റ്റേഷനില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
സിറ്റി അസി. കമ്മിഷണര്‍, സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha


























