കുത്തകപ്പാട്ട ഭൂമിയില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കാന്‍ നിര്‍മിച്ച ടെന്റുകള്‍ പൊളിച്ചുനീക്കി

പള്ളിവാസല്‍ വില്ലേജില്‍ കരടിപ്പാറ മൂലേപ്പള്ളി ഭാഗത്ത് കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ നിയമമുള്ള ഏലം കുത്തകപ്പാട്ട ഭൂമിയില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കാന്‍ നിര്‍മിച്ചിരുന്ന ടെന്റുകള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി. സര്‍വേ നമ്പര്‍ 115-1 ല്‍ പെട്ട സ്ഥലമാണ് ഭൂവിനിയോഗ ചട്ടങ്ങള്‍ മറികടന്ന് ടൂറിസത്തിന് ഉപയോഗിച്ചിരുന്നത്.
വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ഏലത്തോട്ടത്തില്‍ ടെന്റുകള്‍ കെട്ടി താമസിപ്പിച്ച് വരികയായിരുന്നു. ഇവര്‍ക്ക് ട്രക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. റവന്യു വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, റവന്യു ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ആണ് ഈ ടെന്റുകള്‍ നീക്കം ചെയ്തത്.
കല്ലാര്‍ വട്ടയാര്‍ പുത്തന്‍തറപ്പേല്‍ കുഞ്ഞന്‍ തങ്കന്‍ എന്നയാളുടെ പേരിലുള്ളതാണ് ഈ സ്ഥലം. ഇതിന് സമീപത്ത് ആണ് അടുത്തയിടെ പ്രാദേശിക സിപിഎം നേതാവ് കയ്യേറി ആലപ്പുഴ സ്വദേശിക്ക് പാട്ടത്തിന് നല്‍കി വിവാദമായ സര്‍ക്കാര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗിനും മറ്റും ഉപയോഗിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























