അവശ്യ സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കിയ 7 സ്ഥാപന ങ്ങള്‍ക്കെതിരെ കേസ്

കൊട്ടാരക്കരയില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയ 7 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അമിതവിലയെ കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് താലൂക്കിലെ അരി, പലചരക്ക്, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ചടയമംഗലം അമ്പലംമുക്കിലെ പച്ചക്കറിക്കട പൂട്ടിച്ചു. അമിത വില പരാതിയിലാണ് നടപടി. അവശ്യ സാധന നിയമം അനുസരിച്ച് കേസെടുത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുറപ്പിച്ചു.
ദക്ഷിണമേഖലാ റേഷനിങ് ഡപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.ഹരിപ്രസാദ്, താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്.എ. സെയ്ഫ് എന്നിവരുടെ നേതൃത്വത്തില്‍ ചെറിയ ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്‍പന വില കുറപ്പിച്ചു. മേഖലയിലെ അരി, പലവ്യഞ്ജന മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി സ്റ്റോക്ക് തിട്ടപ്പെടുത്തി. കൊട്ടാരക്കര നഗരത്തിലും കടയ്ക്കല്‍, മടത്തറ, ചിതറ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
നിത്യോപയോഗ സാധനങ്ങളുടെ പ്രതിദിന സ്റ്റോക്ക് വിവരം താലൂക്ക് സപ്ലൈ ഓഫിസില്‍ കൃത്യമായി അറിയിക്കാന്‍ മൊത്തവ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. നെടുമണ്‍കാവിലെ രണ്ട് കടകളില്‍ 210 രൂപയ്ക്ക് വിറ്റ പിരിയന്‍ മുളകിന്റെ വില 176 രൂപയായും 185 രൂപയ്ക്ക് വിറ്റിരുന്ന വറ്റല്‍മുളകിന്റെ വില 160 രൂപയായും കുറപ്പിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തു.റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.ശരത്ചന്ദ്രന്‍, നസീലാബീഗം, എസ്.ഷീജ, ബി.എസ്.ശ്രീജ എന്നിവരും പങ്കെടുത്തു.
മത്സ്യത്തിനും കോഴിയിറച്ചിയ്ക്കും തോന്നിയ വിലയാണ്.. നല്ല മത്സ്യം കിട്ടാനില്ല. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് വില്‍പനയ്ക്ക് എത്തുന്നത്. വിലയും കൂടുതല്‍. കോവിഡ് ഭീതിയുടെ പേരില്‍ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതും ഉള്ളതിന് ഉയര്‍ന്ന വിലയും ഈടാക്കുന്ന സ്ഥിതിയും വന്നതോടെ ജന ജീവിതം കഷ്ടതയിലാണ്.
ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പച്ചക്കറി എത്തൂവെന്ന് തമിഴ്‌നാട്ടില്‍ നിന്നു എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.മത്സ്യങ്ങളില്‍ ചൂരയും മത്തിയും വങ്കടയും മാത്രമാണ് വില്‍പനയ്ക്ക് എത്തുന്നത്. ഗുണ നിലവാരം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പും പഞ്ചായത്തുകളും തയാറാകുന്നില്ല.നല്ല മത്സ്യം കിട്ടാതെ വന്നതോടെയാണ് കോഴി ഇറച്ചിയുടെ വില 110 രൂപയായത്. ആട്ടിറച്ചിയും പോത്തിറച്ചിയും കിട്ടാനില്ല. ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ആട്ടിറച്ചി, പോത്ത് ഇറച്ചി വ്യാപാരവും തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha

























